പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം


ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു.

ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. നിര്‍ജ്ജലീകരണം മുതല്‍ സൂര്യതാപം വരെയുള്ള പ്രശ്നങ്ങളും അവയ്ക്കൊപ്പം ചിക്കൻ പോക്സ്, അഞ്ചാം പനി, വയറുകടി, കോളറ, നേത്ര രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മഞ്ഞപ്പിത്തം, ചെങ്കണ്ണ്  തുടങ്ങിയ രോഗങ്ങളും കടുത്ത വേനല്‍ ചൂട് നമുക്ക് സമ്മാനിക്കുന്നവയാണ്. വേനലിലെ അമിതമായ വിയർപ്പു കാരണം ശരീരത്തിലെ ജലധാതു ലവണങ്ങൾ നഷ്ടപ്പെടുന്നതാണ് ഇവയില്‍ പല അസുഖങ്ങളിലേക്കും നയിക്കുന്നത്. 

ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തില്‍ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജീവിത ശൈലിയിലെ ചെറിയ മാറ്റങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാനും അസഹ്യമായ വേനൽ ചൂടിൽ നിന്ന് സംരക്ഷണം നല്‍കാനും സഹായകമാവും.

ചൂടിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാം.

ദഹിക്കാന്‍ വളരെ എളുപ്പമുള്ളതും ലഘുവായതുമായ ആഹാര പദാര്‍‌ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൂടാതെ ജലാംശം കൂടുതലായി അടങ്ങിയ തണ്ണിമത്തൻ, മുന്തിരി ,ഓറഞ്ച്,മാമ്പഴം, കക്കിരി, വെള്ളരി പോലുള്ള പഴങ്ങളും പച്ചക്കറികളും ഡയറ്റിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇവ സാലഡ് ആക്കി ഉപയോഗിക്കുന്നതും നല്ലതാണ്.  ദ്രാവകരൂപത്തിലുള്ള ആഹാരമായതിനാല്‍ കഞ്ഞി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. തണുപ്പ് കിട്ടുന്ന കൂവ കുറുക്ക് പോലുള്ള ആഹാരങ്ങളും ശരീരത്തിന് ഈ സമയങ്ങളില്‍ ഉത്തമമാണ്.

ആഹാരത്തോടൊപ്പം ധാരാളം പാനീയങ്ങളും ഉഷ്ണകാലത്ത് നാം കുടിക്കേണ്ടതുണ്ട്. മൺ പാത്രത്തിൽ സൂക്ഷിച്ച തണുത്ത വെള്ളം മനസിനേയും ശരീരത്തേയും ഒരുപോലെ തണുപ്പിക്കും. നന്നാറി , കൊത്ത മല്ലി, കരിങ്ങാലി, രാമച്ചം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. നേർപ്പിച്ച പാൽ, കരിക്കിൻ വെള്ളം, കഞ്ഞി വെള്ളം, ഫ്രൂട്ട് ജ്യൂസുകൾ, ചെറുപയര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പ് എന്നിവയെല്ലാം ഗുണകരമായ പാനീയങ്ങളാണ്. വേനലില്‍ മൂത്രാശയ രോഗങ്ങള്‍ അലട്ടാനുള്ള സാധ്യത ഏറെയായതിനാല്‍ ഞെരിഞ്ഞിൽ, ചെറൂള തുടങ്ങിയവയെല്ലാമിട്ട് തിളപ്പിച്ച വെള്ളം ശീലിക്കുന്നതും നല്ലതാണ്.

ചൂട് കാലാവസ്ഥയില്‍   അമിതമായി ഉപ്പ്, പുളി, എരിവ്, മസാലകൾ എന്നിവ ചേർത്ത ആഹാരങ്ങൾ വളരെയധികം ദോഷം ചെയ്യും. അച്ചാർ, തൈര് എന്നിവ അമിതമായ ഉപയോഗിക്കുന്നതും നല്ലതല്ല. ബേക്കറി പലഹാരം, മൈദ കൊണ്ടുള്ള ആഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ഉപ്പിലിട്ടത്, ഉണക്ക മത്സ്യം, ഉഴുന്ന്, മുതിര തുടങ്ങിയ പരിപ്പ് വർഗങ്ങൾ തുടങ്ങിയ ആഹാരങ്ങളെല്ലാം ഡയറ്റില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. സോഡ അടങ്ങിയ ശീത പാനീയങ്ങളെ പാടേ വര്‍ജ്ജിക്കുന്നതാണ് നല്ലത്. ചായ, കാപ്പി, ഉപ്പ് ചേർത്ത പാനീയങ്ങൾ, മദ്യവും മറ്റു ലഹരി പദാർഥങ്ങള്‍ എന്നിവയുടെ അമിതോപയോഗവും നിയന്ത്രിക്കണം.