മലബാറിലെ പ്രഥമ ബസലിക്കയായി മാഹി പള്ളി; പ്രഖ്യാപനം ഇന്ന്


മാഹി: പ്രസിദ്ധമായ മാഹി പള്ളി ബസലിക്ക പദവിയിലേക്ക്. ശനിയാഴ്ച പ്രഖ്യാന ചടങ്ങുകൾ കഴിയുന്നതോടെ മാഹി പള്ളി മലബാറിലെ പ്രഥമ ബസിലിക്കയായി ഉയർത്തപ്പെടും. പ്രഖ്യാനാഘോഷ ചടങ്ങുകൾ തുടക്കമായി. തിരുസ്വരൂപം കോഴിക്കോട് രൂപതാ മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ പൊതുവണക്കക്കത്തിനായി പ്രതിഷ്ഠിച്ചതോടെയാണ് ബസിലിക്ക പ്രഖ്യാപന ആഘോഷങ്ങൾ തുടങ്ങിയത്.

ശനിയാഴ്ച മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻ്റെ കാർമികത്വത്തിൽ സാഘോഷ പൊന്തിഫിക്കൽ ദിവ്യ ബലി നടക്കും. തുടർന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപതാ മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ നിർവഹിക്കും. പ്രഖ്യാപനത്തിന് ശേഷം തലശ്ശേരി അതിരൂപത മെത്രാപൊലീത്ത ഡോ. ജോസഫ് പാംപ്ലാനി വചന പ്രഘോഷണവും നടത്തും.

വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 25 ന് വൈകുന്നേരം നാലിന് കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കും തലയുടെ കാർമികത്വത്തിൽ കൃതഞ്ജതാ ദിവ്യബലിയും നടക്കും. വൈകുന്നേരം ആറ് മുതൽ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറും.

കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൺ പുത്തൻ വീട്ടിൽ, മാഹി ഇടവക വികാരിയും റെക്ടറുമായ ഫാദർ വിൻസൻ്റ് പുളിക്കൽ, കോഴിക്കോട് രൂപതാ ചാൻസ്ലർ ഫാദർ സജീവ് വർഗീസ്, ഫാദർ ജോസ് യേശുദാസ്, ഫാദർ നിധിൻ ബർവ, ഫാദർ നോബിൾ, ഫാദർ ഡിലു റാഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.