രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായുള്ള പരിഹാരം; നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും തുറക്കാതെ മാഹി ബൈപാസ്, യാത്ര സാധ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു


വടകര: നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞിട്ടും ഗതാഗത്തിനായി തുറക്കാതെ മാഹി ബൈപ്പാസ്. എത്രയും പെട്ടന്ന് തുറക്കണമെന്ന് ആവശ്യം ശക്തമാവുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച പാത മാര്‍ച്ചോടെ കമീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇപ്പോള്‍ ഇതിനായുള്ള നടപടികളൊന്നും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടവുന്നില്ലെന്നും പ്രതിഷേധം ഉയരുന്നുണ്ട്.

മാഹിയിലെ ഒഴിയാക്കുരുക്ക് വര്‍ഷങ്ങളായി ദേശീയപാതയുടെ ശാപമായി മാറിയിട്ട്. ഉദ്ഘാടനത്തില്‍ താമസമുണ്ടെങ്കിലും പാത താല്‍ക്കാലികമായി തുറന്നുകൊടുത്താല്‍ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. എന്നാല്‍ ഇതിനും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല.

2017 ഡിസംബര്‍ നാലിനാണ് ബൈപാസ് നിര്‍മാണ ജോലികള്‍ തുടങ്ങിയത്. കരാര്‍ വ്യവസ്ഥപ്രകാരം 2020 മേയ് 31ന് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തോളം അധികമായി നീളുകയുണ്ടായി. നീണ്ട കാത്തിരിപ്പിനുശേഷം നിര്‍മാണം കഴിഞ്ഞിട്ടും കാത്തിരിപ്പ് തുടരേണ്ടി വരുന്നതില്‍ വലിയ ഖേദമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ഇടയില്‍ നിന്ന ഉയറുന്നത്.

അഴിയൂര്‍ കാരോത്ത് റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തിക്ക് റെയില്‍വേ അനുമതി വൈകിയതാണ് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈകിയത്. കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടു വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപാസ്. 18 പ്രധാന ജങ്ഷനും ഇരുഭാഗത്തുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡുമുള്ള പാത ചൊക്ലി, മാഹി, കോടിയേരി, എരഞ്ഞോളി, തിരുവങ്ങാട്, തലശ്ശേരി, ധര്‍മടം, മുഴപ്പിലങ്ങാട് വഴിയാണ് കടന്നുപോകുന്നത്.