വെള്ളികുളങ്ങര ഇനി വോളിബോള്‍ മത്സരങ്ങളുടെ ആരവങ്ങളിലേക്ക്; ജില്ലാ എ ഡിവിഷന്‍ വോളി ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം


വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ടീം വെള്ളികുളങ്ങര വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാ എ. ഡിവിഷന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കു. പുരുഷ-വനിതാ വിഭാഗങ്ങള്‍ക്കായി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

മത്സരങ്ങള്‍ വെള്ളികുളങ്ങര ടൗണില്‍ തയ്യാറാക്കിയ പുത്തന്‍പുരയില്‍ ഇബ്രാഹീം ഹാജി സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

പുരുഷവിഭാഗത്തില്‍ കോഴിക്കോട് സായ്സെന്റര്‍, വോളി ഫ്രന്റ്സ് പയിമ്പ്ര, സ്വപ്ന ബാലുശ്ശേരി, ബ്രദേഴ്സ് മൂലാട്, പാറ്റേണ്‍ കാരന്തൂര്‍, ഫൈറ്റേഴ്സ് പാലങ്ങാട്, ഇരിങ്ങല്‍ ജവഹര്‍, ബ്രദേഴ്സ് വാണിമേല്‍ ടീമുകളും വനിതാവിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂര്‍, വോളി ഫ്രന്റ്സ് പയിമ്പ്ര, ഐ.പി.എം. വടകര, ഫ്രന്റ്സ് പി.സി. പാലം ടീമുകളും പങ്കെടുക്കും.

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ പുരുഷ വനിതാ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും. 28, 29 തീയതികളില്‍ ആറ് മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് രണ്ടിന് വാശിയേറിയ ഫൈനല്‍ മത്സരങ്ങള്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.