ആടിയും പാടിയും, പാട്ടിന് താളംപിടിച്ചും കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികള്‍; പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് മറക്കാനാകാത്ത ദിനം


പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഇന്ന് എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നില്ല. ഓഫീസിലേക്ക് വന്നെത്തിയ കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികളെ സ്വീകരിക്കാനും സ്നേഹത്തോടെ അവരോടൊപ്പം സമയം ചെലവിടാനാനുമായതിന്റെ സന്തോഷത്തിലാണ് അവര്‍.

കണ്ടും കേട്ടും പഠിച്ചും പാട്ടുപാടിയുമൊക്കെ അഗ്നിരക്ഷാ നിലയത്തില്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം ആഘോഷമാക്കിയാണ് കുട്ടികള്‍ മടങ്ങിയത്. ഇന്ന് രാവിലെയാണ് സ്കൂളിലെ മുപ്പത്തിയൊമ്പത് കുട്ടികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘം വൈസ് പ്രിന്‍സിപ്പാള്‍ നീതുടീച്ചറുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാനിലയം സന്ദര്‍ശിക്കാനെത്തിയത്.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്‍ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍  മറ്റ് സേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശനും അസി സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമനും കുട്ടികള്‍ക്ക് അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് പ്രാഥമിക പാഠങ്ങള്‍ നല്‍കി. തുടര്‍ന്ന് ഫയര്‍ &റെസ്ക്യൂ ഓഫീസ്സര്‍മാരായ റിതിന്‍ എസ്.കെ, സിജീഷ് പി. കെ, സത്യനാഥ്.പി.ആര്‍, മനോജ്.എം, പ്രശാന്ത്.ഇ.എം, സ്മിതേഷ്.സി.കെ, വിപിന്‍.കെ.പി എന്നിവര്‍ കുട്ടികള്‍ക്ക് അഗ്നിപ്രതിരോധ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളെകുറിച്ച് പ്രായോഗിക നിര്‍ദ്ദേശങ്ങളും നല്‍കി.

വിദ്യാര്‍ത്ഥികളായ അനഘ, ഗ്രീഷ്മ, ജൊനാദ് എന്നിവരുടെ മനോഹരമായ പാട്ടുകള്‍ ഒത്തുചേരലിനെ കൂടുതല്‍ മനോഹരമാക്കി. സേനാംഗമായ ധീരജ്ലാല്‍.പി.സി കുട്ടികള്‍ക്കായി പാടിയ പാട്ടിന് കുട്ടികള്‍ താളം പിടിച്ചത് അവിസ്മരണായമായ കാഴ്ചയായി. സംശയങ്ങള്‍ ചോദിച്ചും കാഴ്ചകള്‍ കണ്ടും നിലയത്തില്‍ നിറഞ്ഞ് നിന്ന കുട്ടികള്‍ ഉച്ചയോടെയാണ് തിരികെ പോയത്.