ചക്രവാതച്ചുഴികളുടെ സാന്നിദ്ധ്യം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും 


ചക്രവാതച്ചുഴികളുടെ ഫലമായി  സംസ്ഥാനത്ത് അടുത്ത രണ്ടുദിവസവും മഴ തുടരുമെങ്കിലും ശക്തമായിരിക്കില്ല. മിതമായ  ഇടത്തരം മഴക്കാണ് സാധ്യത. പല ജില്ലകളിലും ഇപ്പോള്‍ ചെറിയ ചെറിയ ഇടവേളകളില്‍ ശക്തമായ ഇടിയോട് കൂടിയ മിതമായ മഴാണ് പെയ്യുന്നത്.

കേരള തീരത്ത് ഇന്ന് രാത്രി 11.30വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതയിലാണ്.

തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോള്‍ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ശ്രീലങ്കൻ തീരത്തും അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മാലിദ്വീപ് പ്രദേശം, തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോള്‍ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്.