കനാല്‍വെള്ളമെത്തി; ചെരണ്ടത്തൂര്‍ ചിറയില്‍ വരള്‍ച്ചബാധിച്ച പാടങ്ങള്‍ ഇനി കതിരണിയും


മണിയൂര്‍: കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍വെള്ളം ചെരണ്ടത്തൂര്‍ ചിറയില്‍ വരള്‍ച്ചബാധിച്ച നെല്‍പ്പാടങ്ങളിലെത്തിയതോടെ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി. മണിയൂര്‍ ബ്രാഞ്ച് കനാലിന്റെ മണിയൂര്‍ ഡിസ്ട്രിബ്യൂട്ടറി കനാല്‍ വഴിയാണ് ചെരണ്ടത്തൂര്‍ ചിറയിലെ പാടങ്ങളിലേക്ക് വെള്ളമെത്തിയത്. മണിയൂര്‍ ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നുവിട്ടിട്ട് ഏതാനും ദിവസങ്ങളായി. എന്നാല്‍ ഇപ്പോഴാണ് ഈ കനാലിന്റെ ഏറ്റവും അറ്റത്തേക്കുവരെ വെള്ളമെത്തിക്കാന്‍ കഴിഞ്ഞത്. ഇതോടെ കരഭാഗങ്ങളില്‍ വെള്ളമില്ലാതെ പ്രതിസന്ധി നേരിട്ട കര്‍ഷകര്‍ക്ക് ആശ്വാസമായി.

എളമ്പിലാട് പുളിക്കൂല്‍താഴയില്‍നിന്ന് പാടത്തേക്ക് വെള്ളം ഇറക്കാന്‍ കൈക്കനാലുണ്ട്. പാടത്തിന്റെ അരികിലൂടെയുള്ള ഈ കൈക്കനാല്‍വഴിയാണ് വെള്ളം കൊണ്ടുപോകുന്നത്. കനാലില്‍നിന്ന് പാടത്തേക്ക് വെള്ളമെത്തിക്കാനും വഴിയുണ്ട്. ഇവിടെ ഒട്ടേറെ കര്‍ഷകരുടെ പാടങ്ങളില്‍ വെള്ളംവറ്റി പാടം വിണ്ടുകീറിയിരുന്നു. ഇവര്‍ക്കെല്ലാം വെള്ളമെത്തിയത് ആശ്വാസമായി.

ഈ കൈക്കനാലിനെ പാടത്തിന് മധ്യത്തിലെ നടുത്തോടുമായി ബന്ധിപ്പിക്കുന്ന കനാലും കഴിഞ്ഞവര്‍ഷം നിര്‍മിച്ചിരുന്നു. ഈവര്‍ഷം കനാല്‍ തുറക്കുന്നതിനുമുമ്പ് കൈക്കനാലിനെയും നടുത്തോടിനെയും ബന്ധിപ്പിച്ച് പൈപ്പ്ലൈനും സ്ഥാപിച്ചു. ഇതുവഴി നടുത്തോടില്‍ വെള്ളമെത്തിച്ചാല്‍ ചെരണ്ടത്തൂര്‍ ചിറയില്‍ കൃഷിചെയ്യുന്ന എല്ലാവര്‍ക്കും ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നടുത്തോടിലേക്ക് പ്രതീക്ഷിച്ചതുപോലെ വെള്ളമെത്തിയിട്ടില്ല.

ജലക്ഷാമമുള്ള മേഖലകളിലേക്ക് വെള്ളം കൊടുക്കുന്നതിന് മുന്‍ഗണന നല്‍കിയതിനാലാണിത്. വേങ്ങാടിക്കല്‍ ഭാഗത്തെല്ലാം തോട് വറ്റിത്തുടങ്ങിയിട്ടുണ്ട്. അവിടുന്നങ്ങോട്ട് ഉപ്പുവെള്ളവുമാണ്. ഇത് കൃഷി നനയ്ക്കാന്‍ ഉപയോഗിക്കാനാകില്ല. കനാല്‍വെള്ളം നല്ലരീതിയില്‍ എത്തിയാല്‍ ഉപ്പുവെള്ളത്തെ ഒഴിവാക്കാനും കഴിയും. പാടത്തെ കൃഷിക്ക് ഉപയോഗിക്കാനുമാകും. ഇതിനാല്‍ നടുത്തോടിലേക്കും ആവശ്യത്തിന് വെള്ളമെത്തിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.