നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ചു; മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം


നാദാപുരം: പേരോട് ഇരുനില വീടിന് തിപീടിച്ചു. നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു.

ആളുകള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് തീപ്പിടുത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

തുടര്‍ന്ന് നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.

സ്‌റ്റേഷന്‍ ഓഫീസര്‍ വരുണ്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി.കെ സജിലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ.പി ബിജു, ബൈജു, വൈഷ്ണവ്ജിത്ത്, അഖില്‍, സജീഷ്, അനീഷ്, നികേഷ് ടി.കെ എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏതാണ്ട് 12മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്.