‘ആധാരം രജിസ്‌ട്രേഷന്‍ ചെയ്യുന്ന ഉടനെ തന്നെ, പോക്ക് വരവ് ചെയ്ത ആധാരം ശരിയാക്കാന്‍ സാധിക്കും’; പുനര്‍നിര്‍മിച്ച തിരുവള്ളൂര്‍, വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു


തിരുവള്ളൂര്‍: തിരുവള്ളൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈന്‍ ആയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1കോടി 14 ലക്ഷം രൂപയായിരുന്നു വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നത്. 1 കോടി 9 ലക്ഷം രൂപയാണ് തിരുവള്ളൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് അനുവദിച്ചത്.

വില്യാപ്പള്ളി വില്ലേജിലെ കീഴല്‍, കുട്ടോത്ത്, മേമുണ്ട, മയ്യന്നൂര്‍, വില്യാപ്പള്ളി, തിരുമന എന്നീ ദേശങ്ങളും ആയഞ്ചേരി വില്ലേജിലെ പൊന്‍മേരി പറമ്പില്‍, കടമേരി എന്നീ ദേശങ്ങളും പുറമേരി വില്ലേജിലെ ഇളയിടം എന്ന ദേശവും ഉള്‍പ്പെടുന്ന പ്രദേശമാണ് വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ളത്. 4 വില്ലേജുകളിലെ 13 ദേശങ്ങള്‍ തിരുവള്ളൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയില്‍പ്പെടുന്നു.

കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര ലോകസഭാംഗം കെ മുരളീധരന്‍ മുഖ്യാതിഥിയായി. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജില, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.