പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത; വടകരയില്‍ എന്‍.എസ് മാധവന്റെ ചെറുകഥ ഹിഗ്വിറ്റയുടെ നാടകാവിഷ്‌കാരം മെയ് 21ന്


വടകര: കാല്‍പന്തു കളിയുടെ പശ്ചാത്തലത്തില്‍ രചിച്ച ലോക സാഹിത്യത്തിലെ തന്നെ അപൂര്‍വ സുന്ദരമായ ചെറുകഥ ഹിഗ്വിറ്റയുടെ നാടകാവിഷ്‌കാരം വടകരയില്‍. മെയ്യ് 21ന് വടകര നാരായണ നഗറിലാണ് നാടകം അവതരിപ്പിക്കുന്നത്. വൈകുന്നേരം ആറിനും, രാത്രി 8.30നുമായി രണ്ട് അവതരണങ്ങളാണ് ഉണ്ടായിരിക്കുക.

ഒരു സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള കളിക്കളമാണ് നാടകവേദി. കാണികള്‍ക്ക് നാലു ഭാഗത്തുമിരുന്ന് നാടകം കാണാം. പൗരോഹിത്യത്തിന്റെ തിരുവസ്ത്രം തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ക്ക് വിലങ്ങു തടിയാവുമ്പോള്‍ നെഞ്ചിനു നേരെ വെടിയുണ്ടകള്‍ പോലെ ചീറി വരുന്ന പന്തുകളെ ഒറ്റയാനായി നേരിടുന്ന ഹിഗ്വിറ്റയായി മാറുന്ന ഗീവര്‍ഗീസിന്റെ കഥയാണ് ഹിഗ്വിറ്റ നാടകം.

ജില്ലയിലെ ആദ്യ അവതരണമാണ് വടകരയിലേത്. റിമംബറന്‍സ് ഗ്രൂപ്പ് തൃശൂര്‍ ആണ് നാടകം അവതരിപ്പിക്കുന്നത്. ശശിധരന്‍ നടുവിലാണ് സംവിധാനം ചെയ്തത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നാടക വിഭാഗം തലവന്‍ പി.ആര്‍ ജിജോയ് ആണ് കേന്ദ്ര കഥാപാത്രമായ ഗീവര്‍ഗീസായി വേഷമിടുന്നത്. കേളു ഏട്ടന്‍ പി.പി ശങ്കരന്‍ സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന എം ദാസന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ധനശേഖരണാര്‍ഥമാണ് നാടകം അരങ്ങിലെത്തുന്നത്.

10000 ( 3 പേര്‍), 5000 ( 2 പേര്‍), 1000, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നടക്കുതാഴ ബാങ്കിന്റെ എല്ലാ ശാഖകളിലും ടിക്കറ്റ് ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബി സുരേഷ് ബാബു, യൂനുസ് വളപ്പില്‍, ടി.സി രമേശന്‍, കെ.സി പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.