വിഷു പടിവാതിലില്‍, അവസാന നിമിഷത്തിലും നാടും നഗരവും തിരക്കില്‍, പൊന്‍കണിയൊരുക്കി മലയാളികള്‍ നാളെ വിഷു ആഘോഷിക്കും


വടകര: ചെറിയ പെരുന്നാളിന് പിന്നാലെ ഈ വര്‍ഷത്തെ വിഷു ആഘോഷത്തിനായുള്ള അവസാനഘട്ട ഓട്ടത്തിലാണ് മലയാളികള്‍. അവസാനത്തെ കൊന്നപ്പൂവും പറിച്ച് ഓട്ടുരുളിയും ധാന്യങ്ങളുമായി കണി വെക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുത്തന്‍ വസ്ത്രങ്ങളും പടക്കങ്ങളുമായി നാളത്തെ വിഷുക്കെനീട്ടം വാങ്ങാനായി കുട്ടികളും കാത്തിരിപ്പിലാണ്.

ഏപ്രില്‍ ആദ്യവാരം തന്നെ ടൗണുകള്‍ വിഷുവിനായി ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്നും ടൗണുകളില്‍ ആളുകളുടെ തിരക്കാണ്. മറന്നുപോയ വാല്‍ക്കണ്ണാടി വാങ്ങാനും വാങ്ങിയിട്ടും മതിയാവാത്ത പടക്കങ്ങള്‍ വാങ്ങാനും ആളുകള്‍ 10മണിയായിട്ടും ടൗണുകളിലേക്ക് ഒഴുകിയെത്തുകയാണ്‌.

രാത്രിയും പകലും തുല്യമായ ദിവസം എന്നാണ് വിഷുവിന്റെ അര്‍ത്ഥം. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. എന്നാല്‍ രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയമാണ് വിഷുവെന്നും ഐതിഹ്യം പറയുന്നു.

മലയാളികള്‍ക്കൊപ്പം തന്നെ പരമ്പാരാഗതമായ രീതിയില്‍ വിഷു ആഘോഷിക്കാന്‍ പ്രവാസി മലയാളികളും ഒരുങ്ങികഴിഞ്ഞു. കണിവെള്ളരിയും കോടി മുണ്ടും തയ്യാറാക്കി അന്യനാട്ടിലിരുന്ന് അവരും നാളെ പൊന്‍കണി കണ്ടുണരും.