കുന്നുമ്മക്കര കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കരിയാട് തെരു സ്വദേശി


ഏറാമല: കുന്നുമ്മക്കര കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കരിയാട് തെരു താഴെ ചുള്ളിയന്റവിട സുനില്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയാണ് പുഴയില്‍ മൃതദേഹം കണ്ടത്.

പെരിങ്ങത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ സുനില്‍ കഴിഞ്ഞ ശനിയാഴ്ച ഓട്ടോയില്‍ ഏറാമല ഭാഗത്തേക്ക് പോയതായിരുന്നു. ഇതിനിടയില്‍ കാഞ്ഞിരകടവ് പാലത്തിനടുത്ത്‌ എത്തിയപ്പോള്‍ ഇയാള്‍ ഷര്‍ട്ട് ഊരിമാറ്റി പുഴയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സംഭവം കണ്ട മറ്റൊരു ഓട്ടോ ഡ്രൈവര്‍ സുനിലിന്റെ അടുത്തെത്തി കാര്യം ചോദിച്ചെങ്കിലും ഇയാള്‍ പെട്ടെന്ന് തന്നെ ഓട്ടോ ഓടിച്ച് പോയി.

തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ സുനിലിന്റെ സഹോദരനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരനും ബന്ധുക്കളും സുനിലിനെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സുനിലിനെ കാണ്മാനില്ല എന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി സുനിലിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, മൃതദേഹം പോലീസിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: സജ്‌ന. മക്കള്‍: സുജിത്ത്, അനഘ.