കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപം; തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും എല്‍.ഡി.എഫിന്റെ പരാതി


വടകര: വടകര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍ എന്നിവരോട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശൈലജ ടീച്ചറെ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. നമ്മുടെ പൊതു സമൂഹത്തിന് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള പദപ്രയോഗങ്ങളാണ് ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ പ്രേരണയോടെ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമന്റുകളും മേസേജുകളും അതിന് പുറമെ കെ.കെ. ശൈലജ ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ച്‌കൊണ്ട് ലൈംഗികചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്.

2024 മാര്‍ച്ച് 25ന് സോഷ്യല്‍ മീഡിയയില്‍ Troll Republic- TR എന്ന ഗ്രൂപ്പില്‍ Minhaj Km Paloli എന്ന ആള്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് കെ.കെ. ശൈലജ ടീച്ചറിന്റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖം കാണിച്ച് സോഷ്യല്‍ മീഡിയയായ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നു.

കെ.കെ.ശൈലജ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന മേസേജുകള്‍ക്ക് വൃത്തികെട്ട സംസ്‌കാര ശൂന്യമായ കമന്റുകളും വാലാട്ടിപ്പട്ടിയെന്ന് മറ്റും ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുന്നു. ആഷിഖ് പുരമന്നൂര്‍ എന്ന വ്യക്തി പൂതന, അഭിസാരിക എന്നും അഭിസംബോധന ചെയ്ത് പോസ്റ്റ് ഇട്ടിരിക്കുന്നു. ഇത്തരത്തില്‍ മേസേജുകളായും നോട്ടിഫിക്കേഷനുകളായും അശ്ലീലം കലര്‍ന്നതും സംസ്‌കാര കമന്റുകളായും ശൂന്യമായതും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുന്നതുമായ നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയാണെന്നും വ്യക്തമാണെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് തികച്ചും വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണെന്നും ഇവര്‍ പറഞ്ഞു.

പി. മോഹനന്‍ മാസ്റ്റര്‍, വത്സന്‍ പനോളി (സി.പി.ഐ.(എം), എം.കെ. ഭാസ്‌ക്കരന്‍ (ആര്‍.ജെ.ഡി), ടി.കെ.രാജന്‍ മാസ്റ്റര്‍ (സി.പി.ഐ), സി.കെ. നാണു (ജെ.ഡി.എസ്), വി.ഗോപാലന്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ്സ്.എസ്), ടി.എം.കെ.ശശീന്ദ്രന്‍ (ജനതാദള്‍.എസ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.