വടകര മേഖലയിൽമാത്രം ഒരുവർഷത്തിനിടെ മരിച്ചത് ആറു യുവാക്കൾ; മരണക്കുരുക്കായോ മയക്കുമരുന്ന്? ഉത്തരം കിട്ടാതെ ചോദ്യങ്ങൾ ബാക്കി


വടകര: നിരോധിത ലഹരി മരുന്നുകളുടെ ഉപയോ​ഗവും വിൽപ്പനയും വർദ്ധിക്കുന്നതോടൊപ്പം യുവാക്കളുടെ അസ്വാഭാവിക മരണങ്ങളും വർദ്ധിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുന്നുമ്മക്കര തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരുടെ മരണങ്ങൾ. മയക്കുമരുന്ന് യുവത്വത്തിന് മരണക്കുരുക്കായി മാറുന്ന സംഭവങ്ങളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത്. വടകര മേഖലയിൽമാത്രം ഒരുവർഷത്തിനിടെ ആറു യുവാക്കൾ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണെന്നാണ് സംശയം. കൊയിലാണ്ടിയിലും അടുത്തിടെ ഒരു യുവാവ് മരിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ കൈനാട്ടി മേൽപ്പാലത്തിന്റെ അടിവശത്ത് പ്രവാസിയായ യുവാവിനെ മരിച്ചനിലയിൽ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കംമുതൽ ഉയർന്നു. ഏതോ വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ചെന്നും അവശനായതോടെ രണ്ടുപേർ ചേർന്ന് മോട്ടോർസൈക്കിളിൽ ഇരുത്തി പാലത്തിനടിയിൽ ഉപേക്ഷിച്ചെന്നുമായിരുന്നു സംശയം. ഒടുവിൽ ഇത് തെളിയുന്നത് ജനുവരിയിലാണ്. തുടർന്ന് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മൂന്നാളുകളുടെപേരിൽ കേസെടുത്തു. ഇതിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു.

ഏറാമലയിൽത്തന്നെ മൂന്നുമാസംമുമ്പ് ഒരു യുാവിനെ ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വില്ലനായത് മയക്കുമരുന്നുതന്നെയെന്നാണ് സംശയം. കൊയിലാണ്ടിയിൽ കഴിഞ്ഞമാസം ഒരു യുവാവിനെ മരിച്ചനിലയിലും മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. ഇതിലും സംശയം നീണ്ടത് മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ്.

ആറുമാസംമുമ്പ് ഓർക്കാട്ടേരി ടൗണിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വടകര ടൗണിലെ ലോഡ്ജിൽ യുവാവ് മരിച്ച സംഭവത്തിലുമെല്ലാം പ്രതിസ്ഥാനത്ത് മയക്കുമരുന്നുതന്നെയെന്നാണ് പോലീസ് സംശയം. പക്ഷേ, പല മരണങ്ങളിലും വ്യക്തമായ ഉത്തരം കിട്ടുന്നില്ല. മരണത്തോടെ അന്വേഷണങ്ങളും അവസാനിക്കുകയാണ്. മയക്കുമരുന്ന് മാഫിയകൾ താവളമാക്കുന്ന ഒട്ടേറെ ഇടങ്ങൾ ഓരോ ടൗണുകളിലുമുണ്ട്. നാട്ടിൻപുറങ്ങളിൽപ്പോലും ഇത്തരം കേന്ദ്രങ്ങളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, ഇവിടങ്ങളിൽ തുടരെ പരിശോധന നടത്തി നടപടികൾ ശക്തമാക്കുന്നതിൽ പോലീസും എക്സൈസുമെല്ലാം പരാജയമാണെന്ന് ആക്ഷേപമുണ്ട്.

വിവിധ യുവജനസംഘടനകളും ഇതിൽ നിസ്സംഗമാണെന്നാണ് കുന്നുമ്മക്കര സംഭവം ഉൾപ്പെടെ തെളിയിക്കുന്നത്. കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പ് പോലെയുള്ള ഇടങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്ക് നാടൊട്ടാകെയുണ്ട്. ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി പോലീസിന് വിവരം കൈമാറാൻ സാധിക്കുക യുവജനസംഘടനകൾക്കും മറ്റുമാണ്.