വെറും 5000 രൂപ മതി, കോഴിക്കോടുനിന്ന് ലക്ഷ്യദീപിലേക്ക് പറക്കാം; യാത്രാ സ്‌നേഹികള്‍ക്ക് സമ്മാനമായി പുതിയ സര്‍വ്വീസുമായി ഇന്‍ഡിഗോ


കോഴിക്കോട്: ലക്ഷദ്വീപ് ലക്ഷ്യമിട്ട് കോഴിക്കോട് വിമാനത്താവളത്തിലേക്കു കുഞ്ഞൻ വിമാനമെത്തുമ്പോൾ വിനോദ, വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ പ്രതീക്ഷയുടെ വലിയ ടേക് ഓഫ്. മേയ് ഒന്നിന് ഇൻഡിഗോ വിമാനക്കമ്പനിയാണ് 78 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനവുമായി കരിപ്പൂരിൽനിന്ന് അഗത്തിയിലേക്ക് സർവീസ് ആരംഭിക്കുന്നത്. വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും മാത്രമല്ല, മലബാർ മേഖലയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ഏറെ ആശ്വാസവും പ്രതീക്ഷയുമേകുന്ന സർവീസ് ആകുമിത്.

നേരത്തെ ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ സർവ്വീസ് ഉണ്ടായിരുന്നു. എന്നാല്‍ 3 വർഷം മുമ്പ് ഇത് നിർത്തി. ഇതോടെ മലബാറുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം അറ്റ സ്ഥിതിതിയായി. മലബാർ മേഖലയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തേണ്ട ദ്വീപ് നിവാസികൾ ഇപ്പോള്‍ കൊച്ചിയില്‍ എത്തിയതിന് ശേഷം വേണം കോഴിക്കോടും മറ്റും എത്താന്‍. നാട്ടിലേക്കു പോകാൻ വീണ്ടും കൊച്ചിയിൽ പോകേണ്ട അവസ്ഥയാണ്. ഇതിന് വലിയ ചിലവ് എന്നതിനോടൊപ്പം സമയം നഷ്ടവും ഏറെയാണ്.

കൊച്ചിയിൽനിന്ന് ആഴ്ചയിൽ ഒരു കപ്പൽ സർവീസ് മാത്രമാണ് ദ്വീപിലേക്കുള്ളത്. പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇതിന് കുറച്ചെങ്കിലും പരിഹാരമാകും. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിക്കുന്നത്. കൊച്ചി വഴിയായിരിക്കും യാത്രം.

വിമാനം കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയുടെ അഗത്തിയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിലും അവിടെ നിന്ന് 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ടേക്കുമെത്തും. ചെറിയ വിമാനമാണെങ്കിലും ആഴ്ചയിൽ 546 പേർക്കു വീതം അഗത്തിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.

ടൂറിസം മേഖലയുടെ വികസനത്തിനു വഴിതുറക്കുന്നതാണ് വിമാന സർവീസ്. യാത്രാസമയം ലാഭിക്കാം എന്നതാണു പ്രധാനം. നിലവിലുള്ള സാഹചര്യത്തിൽ കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് 5000 രൂപ മുതൽ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വിമാന സർവീസ് പ്രഖ്യാപിച്ചതോടെ വിവിധ ഏജൻസികളും യാത്രാസംഘങ്ങളും ലക്ഷദ്വീപിലേക്കുള്ള യാത്രാപാക്കേജുകൾ പ്രഖ്യാപിച്ചു തുടങ്ങി. രണ്ടു ഭാഗത്തേക്കും വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പാക്കേജും ഒരിടത്തേക്കു വിമാനവും മറുഭാഗത്തേക്ക് കപ്പൽ യാത്രയുമുള്ള പാക്കേജുകളുമുണ്ട്.

നിലവിൽ അഗത്തിയിലേക്ക് കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങളിൽനിന്നാണു സർവീസുകൾ ഉള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ലക്ഷദ്വീപിലെ കാലിക്കറ്റ് സർവകലാശാലാ പഠനകേന്ദ്രം പൂട്ടിയെങ്കിലും മലബാർ മേഖലയിൽ പഠനം തുടരുന്ന വിദ്യാർഥികളുണ്ട്. അവർക്കെല്ലാം വലിയ ആശ്വാസമാകും കരിപ്പൂരിൽനിന്നുള്ള വിമാന സർവീസ്.