പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി; അരയും തലയും മുറുക്കി മുന്നണികൾ, വടകര പിടിച്ചെടുക്കാന്‍ ശൈലജ ടീച്ചര്‍ക്കായി എത്തുന്നത്‌ പ്രമുഖർ


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാൻ അരയും തലയും മുറുക്കി എല്‍.ഡി.എഫും, യു.ഡി.എഫും. രണ്ട് മുന്നണികളുടെയും പൊതുപര്യടനങ്ങള്‍ ആവേശത്തോടെ മുന്നേറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളാണ് എല്‍.എഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലങ്ങളില്‍ എത്തുന്നത്.

കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി ഏപ്രില്‍ 20നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിത്തുന്നത്‌. രാവിലെ 11മണിക്ക് പുറമേരിയിലും വൈകുന്നേരം 4മണിക്ക് കൊയിലാണ്ടിയിലും, വൈകുന്നേരം 6മണിക്ക് പാനൂരിലും പര്യടനം നടത്തും.

ഏപ്രില്‍ 15ന് മൂന്ന് കേന്ദ്രങ്ങളിലാണ് എം.എ ബേബി എത്തുന്നത്. രാവിലെ 10മണിക്ക് കതിരൂര്‍, വൈകുന്നേരം 4മണിക്ക് വടകര, വൈകുന്നേരം 6മണിക്ക് പയ്യോളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഏപ്രില്‍ 20ന് എം.വി ശ്രേയാംസ്‌കുമാറും മുഖ്യമ്ര്രന്തിക്കൊപ്പം പുറമേരിയില്‍ പ്രചാരണത്തിനെത്തുണ്ട്. അന്ന് വൈകുന്നേരം 6മണിക്ക് പാനൂരിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ഏപ്രില്‍ 17നാണ്‌ സീതാറം യെച്ചൂരി എത്തുന്നത്. വൈകുന്നേരം 4മണിക്ക് വടകര മണ്ഡലത്തിലെത്തി ജനങ്ങളോട് സംസാരിക്കും.

ഏപ്രില്‍ 18ന് കടന്നപ്പള്ളി രാമചന്ദ്രന്‍ കുറ്റ്യാടി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. വൈകുന്നേരം 6മണിക്കാണ് പരിപാടി.

ഏപ്രില്‍ 19നാണ് തപന്‍ സെന്‍ വടകരയില്‍ എത്തുന്നത്. രാവിലെ 10.30ന് കൃഷ്ണ കൃപ ഓഡിറ്റോറിയത്തിലാണ് പരിപാടി. തുടര്‍ന്ന് 4മണിക്ക് പേരാമ്പ്ര മണ്ഡലത്തിലും 6മണിക്ക് ചേമഞ്ചേരിയിലും സന്ദര്‍ശനം നടത്തും.

ഏപ്രില്‍ 21നാണ് പ്രകാശ് കാരാട്ട് പ്രചാരണത്തിനായി എത്തുന്നത്. രാവിലെ 11മണിക്ക് തൊട്ടില്‍പ്പാലത്ത് എത്തുന്ന പ്രകാശ് കാരാട്ട് വൈകുന്നേരം 4മണിക്ക് പേരാമ്പ്രയിലും 6മണിക്ക് തലശ്ശേരിയിലും സന്ദര്‍ശനം നടത്തും. ഏപ്രില്‍ 21ന് ഡി.രാജയും പ്രചാരണത്തിനായി പേരാമ്പ്ര മണ്ഡലത്തിലെത്തുന്നുണ്ട്‌.

വടകരയില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതും പ്രചരണം തുടങ്ങിയതും എല്‍.ഡി.എഫ് ആണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ദിവസം തന്നെ കെ.കെ.ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ആദ്യഘട്ടത്തില്‍ മൂന്നുതവണ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി, പ്രമുഖരെ വീടുകളില്‍ ചെന്നുകൊണ്ടു, കുടുംബ യോഗങ്ങള്‍ നടത്തി. പിന്നീട് മണ്ഡല പര്യടനങ്ങളിലേക്ക് കടന്നു. മണ്ഡല പര്യടനം രണ്ടാംഘട്ടവും പൂര്‍ത്തിയായി. മൂന്നാംഘട്ടം ഏപ്രില്‍ 15ന് തുടങ്ങി 21ന് അവസാനിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതിനാല്‍ വടകരയില്‍ അല്പം വൈകി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ആളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അപ്രതീക്ഷിതമായി വടകരയിലേക്ക് മത്സരിക്കാനെത്തിയ ഷാഫി പ്രചരണം തുടങ്ങാന്‍ അല്പം വൈകിയെങ്കിലും ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ പ്രചരണ രംഗത്ത് ശക്തമായ സാന്നിധ്യമായി. വടകരയിലെത്തിയ ആദ്യദിവസം തന്നെ ജനപിന്തുണകൊണ്ട് ഏവരേയും അമ്പരപ്പിച്ചു. തുടര്‍ന്ന് റോഡ് ഷോയിലൂടെയും പൊതുയോഗങ്ങളിലൂടെയും വടകരയുടെ വോട്ടുറപ്പിക്കാന്‍ സജീവമായി.

ഇനി വരുംദിവസങ്ങളില്‍ ഷാഫിയ്ക്കായി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തുമെന്നാണ് അറിയുന്നത്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍ ഏപ്രില്‍ 16ന് നാദാപുരത്ത് പ്രസംഗിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയ നേതാക്കളും പ്രചരണ പരിപാടിക്കെത്തും. പ്രിയങ്ക ഗാന്ധിയും എത്തുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

വടകരയില്‍ ത്രികോണ മത്സരമില്ലെങ്കിലും പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുളള തിരക്കിലാണ് എന്‍.ഡി.എയും. എന്‍.ഡി.എയ്ക്കുവേണ്ടി പ്രചരണത്തിനായി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഏപ്രില്‍ 18ന് വടകരയിലെത്തും. അല്‍ഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍, തുടങ്ങിയ നേതാക്കളും വടകരയില്‍ പ്രചാരണത്തിനെത്തും.