അവശതകള്‍ ഒന്നും തടസമായില്ല, ആവേശത്തില്‍ വോട്ടര്‍മാര്‍; ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെ


ഓര്‍ക്കാട്ടേരി: സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിന് മുകളിലേക്ക് കടക്കുമ്പോള്‍ ഓര്‍ക്കാട്ടേരിയിലും ആവേശം കുറയുന്നില്ല. രാവിലെ മുതല്‍ ഓര്‍ക്കാട്ടേരിയിലെ വിവിധ ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

നാല്‍പത്‌നാള്‍ നീണ്ട പരസ്യപ്രചാരണങ്ങളുടെ അതേ ആവേശവും ഊര്‍ജ്ജവും പോളിങ്ങ് ദിനത്തിലും കാണാന്‍ സാധിക്കും. അഞ്ച് മണി കഴിയുമ്പോള്‍ വടകര നിയമസഭാ മണ്ഡലത്തില്‍ 61.13 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

അതിനിടെ ഉച്ചയ്ക്ക് 1.30ഓടെ കോഴിക്കോട് ജില്ലയില്‍ പലയിടത്തും ഓപ്പണ്‍ വോട്ട് നിര്‍ത്തിവെച്ചിരുന്നു. ഓപ്പണ്‍വോട്ട് വ്യാപകമായി നടത്തിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതോടെ ഓര്‍ക്കാട്ടേരി അടക്കം പലയിടത്തും നിരവധി പേരാണ് മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നത്.

അതേ സമയം ഓപ്പണ്‍ വോട്ടില്‍ ക്രമക്കേടുണ്ടെന്ന്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ആരോപിച്ചു. ചെറുപ്പക്കാരെ പോലും സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല. തനിക്കെതിരെ വ്യാജ ആരോപണം തുടരുന്നു. കലാപാഹ്വാനം നടത്തിയ ഉദ്യോഗസ്ഥനെ പോലും പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചെന്നും ഷാഫി ആരോപിച്ചു.