‘കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായിരുന്നു, സ്‌ക്കൂള്‍ തുറക്കുമ്പോ കുട്ടികളെങ്ങനെ സഹിക്കും’; ആയഞ്ചേരി കടമേരി എംയുപി സ്‌ക്കൂളിലെ മാഷിദ ടീച്ചറുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി നാട്‌


ആയഞ്ചേരി: ‘ഒരു പാവം ടീച്ചറായിരുന്നു, കുട്ടികള്‍ക്കൊക്കെ അത്രേം ഇഷ്ടമായിരുന്നു’… കുഴഞ്ഞ് വീണു മരിച്ച ആയഞ്ചേരി കടമേരി എംയുപി സ്‌ക്കൂള്‍ അധ്യാപിക മാഷിദയെക്കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് ഇത് മാത്രമാണ്. ഇന്നലെ രാവിലെയോടെയാണ് കടമേരി കാമിച്ചേരിയിലെ വീട്ടില്‍ മാഷിദ കുഴഞ്ഞു വീണത്.

ഉടന്‍ തന്നെ വീട്ടികാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

നാലാം തരത്തിലെ അധ്യാപികയാണ് മാഷിദ. കുട്ടികള്‍ക്കൊപ്പം എന്തിനും ഏതിനും സഹായത്തിനായി എപ്പോഴും ടീച്ചറുണ്ടാകുമായിരുന്നു. പഠനത്തിനൊപ്പം കലയിലും കുട്ടികളെ ഏറെ പ്രേത്സാഹിപ്പിച്ചിരുന്നു. ജൂണ്‍ 3ന് സ്‌ക്കൂള്‍ തുറക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട മാഷിദ ടീച്ചറെയായിരിക്കും കടമേരി എംയുപി സ്‌ക്കൂളിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക. അത്രത്തോളം ആ സ്‌ക്കൂളിലെ പ്രിയപ്പെട്ട ടീച്ചര്‍മാരിലൊരാളായിരുന്നു മാഷിദ.

ഭര്‍ത്താവ്: നസീര്‍. മക്കള്‍: നുജ ഫാത്തിമ, ഹൈറിന്‍, നൂറിന്‍.