അപകട മുന്നറിയിപ്പ് ബോർഡുകളില്ല, അപകടമുനമ്പായി അഴിയൂരിലെ പ്രവേശന കവാടം


വടകര: അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും വാഹനങ്ങളുടെ അമിത വേ​ഗതയും മാഹി-തലശ്ശേരി ബെെപാസിന്റെ പ്രവേശന കവാടമായ അഴിയൂരിനെ അപകടമുനമ്പാക്കി മാറ്റുന്നതായി ആരോപണം. അഴിയൂരിലെ പ്രവേശന കവാടത്തിലാണ് അപകടം പതിയിരിക്കുന്നത്. മാഹി ബൈപാസില്‍നിന്ന് അഴിയൂർ മേല്‍പാലത്തിലൂടെ താഴേക്കിറങ്ങുന്ന വാഹനങ്ങളും മേല്‍പാലത്തിന്റെ ഇരുവശത്തുമുള്ള സർവിസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും ഒരുമിച്ച്‌ എത്തുന്ന ഭാഗത്താണ് അപകട സാധ്യതയെന്ന് നാട്ടുകാർ പറയുന്നു.

ബൈപാസിൽ നിന്ന് ചീറിപ്പാഞ്ഞുവരുന്ന വാഹന ഡ്രൈവർമാരുടെയും സർവിസ് റോഡില്‍നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും ശ്രദ്ധ ഒന്നുമാറിയാല്‍ അപകടം ഉറപ്പാണ്. പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നതെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം ഇവിടെ അപകട മുന്നറിയിപ്പ് ബോർഡുകളും വെച്ചിട്ടില്ല. ദേശീയപാതയുടെ അഴിയൂർ റീച്ചിലാണ് ദീർഘദൂര വാഹനങ്ങള്‍ ഏറ്റവും കൂടുതലായി അപകടത്തില്‍പെടുന്നതും.

ദേശീയപാത ആറുവരിയാക്കി ഉയർത്തുന്നതിന്റെ നവീകരണ പ്രവൃത്തികളും പുരോ​ഗമിക്കുകയാണ്. കുഞ്ഞിപ്പള്ളി ടൗണിനോടു ചേർന്ന ഭാഗങ്ങളിലും പ്രവൃത്തി നടക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായി പലയിടത്തും റോഡ് വഴിതിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍, അപായ മുന്നറിയിപ്പ് ബോർഡുകള്‍ ചിലയിടങ്ങളില്‍ മാത്രമാണുള്ളത്. ഇതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.

കുഞ്ഞിപ്പള്ളിക്കടുത്ത റെയില്‍വേ മേല്‍പാലം കയറുന്നിടത്തും ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇവിടെനിന്ന് മേല്‍പാലത്തിലേക്ക് വാഹനങ്ങള്‍ കയറുമ്പോള്‍ അമിതവേഗത്തില്‍ പിന്നില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന വാഹനാപകടം ഇവിടെ നിത്യകാഴ്ചയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലത്തിന് സമീപത്ത് ദേശീയപാതയില്‍ നേരത്തേ ഹബ് സ്ഥാപിച്ചിരുന്നെങ്കിലും നിലവില്‍ കാണാനില്ല. ഇവിടെ സിഗ്നല്‍ ലൈറ്റ് വെച്ചാല്‍ യാത്രക്കാർക്ക് ഉപകാരപ്രദമാവും.