കലാലയ ഹൃദയങ്ങളിലും ടീച്ചർ! കെ.കെ ശൈലജ ടീച്ചർക്ക് വന്‍ സ്വീകരണമൊരുക്കി നാദാപുരം


വടകര: ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് വന്‍ സ്വീകരണം. രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥ നടത്തിയ ശേഷം ടി.ഐ.എം ബിഎഡ് സെന്റർ, എംഇടി കോളേജ് എന്നിവിടങ്ങളിലെത്തി ടീച്ചര്‍ വോട്ടഭ്യര്‍ത്ഥിച്ചു.

എംഇടി കോളേജിലെത്തിയ ടീച്ചറെ പൂക്കള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിനി വരച്ച ചിത്രം ടീച്ചര്‍ക്ക് കൈമാറുകയും ചെയ്തു. കോളേജില്‍ ഏറെ നേരം ചിലവഴിച്ച ടീച്ചര്‍ വിദ്യര്‍ത്ഥികളോട് സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

ശേഷം വേവത്ത് മലബാർ കോളജിൽ സന്ദർശനം നടത്തി. പുളിയാവ് നാഷണൽ കോളജിൽ അധ്യാപകരും വിദ്യാർത്ഥികളും ടീച്ചറെ സ്വീകരിച്ചു. കല്ലാച്ചി ഐഎച്ച്ആർഡി കോളേജിലും ഗംഭീര സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ ടീച്ചര്‍ക്ക് നല്‍കിയത്‌. ശേഷം രക്തസാക്ഷി കടന്ന പുറത്ത് കുഞ്ഞിരാമൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടര്‍ന്ന് പൂതം പാറ പള്ളിയിലും സന്ദര്‍ശനം നടത്തി

എൽഡിഎഫ് നേതാക്കളായ പി.പി ചാത്തു, വി.പി കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, എ.എം റഷീദ്, സി.എച്ച് മോഹനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. വൈകീട്ട് ഏഴിന് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന റാലിക്ക് ടീച്ചര്‍ നേതൃത്വം നൽകും. കല്ലാച്ചി സിവിൽ സ്റ്റേഷൻ റോഡിനു സമീപത്തുനിന്ന്‌ ആരംഭിക്കുന്ന റാലി നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിക്കും.