ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നില്‍ അവധി നിഷേധിച്ചതെന്ന് ആരോപണം


ഓര്‍ക്കാട്ടേരി: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന യുവതി ആത്മഹത്യ ചെയ്തത് പഞ്ചായത്തില്‍ നിന്നും അവധി നിഷേധിച്ചത് കൊണ്ടാണെന്ന് ആരോപണം. വൈക്കിലശ്ശേരിയില്‍ പുതിയോട്ടില്‍ പ്രിയങ്കയെയാണ്‌ ഇന്നലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇരുപത്തിയാറ് വയസായിരുന്നു.

രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ വന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എടച്ചേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

പഞ്ചായത്തില്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടും അവധി കിട്ടിയില്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജനുവരിയില്‍ രാജി വെക്കാനിരുന്ന തന്നോട് മാര്‍ച്ചില്‍ അവധി തരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മാര്‍ച്ചില്‍ അവധി ചോദിച്ചപ്പോള്‍ 23മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധി തരില്ലെന്നും പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു.

അമ്മ: പുതിയോട്ടില്‍ രാധ. സഹോദരന്‍: പ്രണവ്(ബഹ്‌റൈന്‍).