മനസിനെയും ശരീരത്തെയും നിയന്ത്രിക്കണോ; പാട്ട് കേട്ടാല്‍ മാത്രം മതി; സംഗീതം ഊര്‍ജ്ജസ്വലമായ ദിവസങ്ങളിലേക്കുള്ള താക്കോലാവുന്നതെങ്ങനെ


സംഗീതം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. എല്ലാവര്‍ക്കും പാട്ട് കേള്‍ക്കുന്നതും കൂടെ പാടുന്നതുമെല്ലാം ഇഷ്ടമാണ്. പാട്ടുകള്‍ നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നറിയാമോ. വെറുതേ നെരം കൊല്ലാനുള്ള ഉപാധി മാത്രമല്ല സംഗീതം. സംഗീതാസ്വാദനം നമ്മുടെ മനസ്സിനെയും, മാനസികാവസ്ഥകളെയുമെല്ലാം ഉത്തേജിപ്പിക്കുന്നുണ്ട്.

ചിലസമയത്ത് പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിലെ വരികളെയും സംഗീതത്തേയുമെല്ലാം നമ്മുടെ ജീവിതവുമായി താഥാത്മ്യപ്പെടുത്തി നോക്കാറുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മനുഷ്യര്‍ക്കും വളരെയധികം മാനസികമായ അടുപ്പം തോന്നുന്ന ഒരു ആര്‍ട്ട് ഫോം എന്ന് തന്നെ പാട്ടിനെ വിശേഷിപ്പിക്കാം.

ദൈനംദിനജീവിതത്തില്‍ പാട്ടുകേള്‍ക്കുന്നത് വഴി ലഭിക്കുന്ന പ്രയോജനങ്ങള്‍ പലതാണ്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

മാനസികാരോഗ്യം ദൃഢപ്പെടുത്താനുതകുന്ന ഒരു മരുന്നായി തന്നെ സംഗീതത്തെ കാണാവുന്നതാണ്. അതുകൊണ്ടാണ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി മ്യൂസിക് തെറാപ്പി പോലുള്ള ചികിത്സാ രീതികള്‍ അവലംബിക്കുന്നത്.

ഏത് നേരത്ത് കേട്ടാലും പാട്ടുകള്‍ നമ്മെ റിലാക്സ്ഡ് ആക്കി വെക്കുമെങ്കിലും രാവിലെ എഴുന്നേറ്റ ഉടനെ പാട്ടുകേട്ട് ദിവസം തുടങ്ങുന്നത് ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്കുള്ള താക്കോല്‍ കൂടിയാണ്.  രാവിലെ ഉണരുമ്പോള്‍ ഉണ്ടാവുന്ന ബാഡ് മൂഡില്‍ നിന്ന് സന്തോഷദായകമായ ഒരു അവസ്ഥയിലേക്ക് ആളുകളെ കൊണ്ടെത്തിക്കാന്‍ സംഗീതാസ്വാദനം വഴി സാധിക്കും. ഇഷ്ടമുള്ള മെലോഡിയസായ പാട്ടുകള്‍ കേള്‍ക്കുന്നത് ശരീരത്തിലെ ഡോപമിൻ ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കുന്നു എന്നതാണ് ഇവിടെ സന്തോഷത്തിന് കാരണമാവുന്നത്. ഉണര്‍ന്ന ഉടനെ മോട്ടിവേഷണല്‍ ഇഫറക്ട് ഉള്ള പാട്ടുകളാണ് കേള്‍ക്കുന്നതെങ്കില്‍ അന്നത്തെ ദിവസത്തെ പ്രസരിപ്പോടെ നേരിടാനും വേണമെന്ന് മനസില്‍ കരുതുന്ന കാര്യങ്ങള്‍ ആവേശത്തോടെ ചെയ്ത് തീര്‍ക്കാനും ഒരു പരിധിവരെ സാധിക്കും.

ചെറുപ്പക്കാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന ആങ്ങ്സൈറ്റി ഡിസോര്‍ഡേഴ്സ്, വിഷാദം, സമ്മര്‍ദ്ദം എന്നിവയെയെല്ലാം വലിയ അളവില്‍ പ്രതിരോധിക്കാന്‍ സംഗീതം സഹായകമാണ്. ശാരീരികമായ വേദനകളില്‍ നിന്ന് ശ്രദ്ധതിരിച്ച് താത്കാലിക ആശ്വാസം പകരാന്‍ സംഗീതം കേള്‍ക്കുന്നത് വഴി സാധിക്കും. ഡോപമിന്റെ അളവ് കൂട്ടുന്നതിന് മാത്രമല്ല, സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ കുറയ്ക്കുന്നതിനും സംഗീതത്തിന് പവറുണ്ട്.

സംഗീതം ആസ്വദിക്കുന്നതിലൂടെ തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങള്‍‌ മനുഷ്യരുടെ ശ്രദ്ധ വര്‍ധിക്കാനിടയാക്കുന്നു. അതോടൊപ്പം തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും നിരന്തരം സംഗീതം കേള്‍ക്കുന്നത് സഹായിക്കും. ഓര്‍മ്മശക്തി മെച്ചപ്പെടാനും ശ്രദ്ധ കൂട്ടാനും ഉത്തമം ദിവസത്തിന്റെ തുടക്കത്തില്‍ സംഗീതമാസ്വദിക്കുന്നതാണ്.

സംഗീതം കേട്ടാല്‍ സ്ട്രെസ് കുറയുന്നതിനോടൊപ്പം തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നും ചെറിയ ഓരളവ് വരെയെങ്കിലും ആശ്വാസവും തരും. അമിത ടെന്‍ഷന്‍ കാരണം ഉണ്ടാവുന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനെല്ലാം സംഗീതം നല്ല മരുന്നാണ്.

നിത്യേന വ്യായാമം ചെയ്യുന്ന ആളുകള്‍ വ്യായാമവേളകളില്‍ പാട്ട് കേള്‍ക്കുന്നത് മനസിനെയും ശരീരത്തെയും ചുറുചുറുക്കോടെ ഇരിക്കാന്‍ സഹായിക്കും

പ്രഭാതങ്ങളില്‍ മാത്രമല്ല, രാത്രി ബെഡിലേക്ക് പോവുന്നതിന് മുമ്പ് പാട്ടുകേള്‍ക്കുന്നതും നമ്മുടെ മനസിനെയും ശരീരത്തെയും സ്ട്രെസ് ഫ്രീ ആക്കി വെക്കും. അങ്ങനെ നമുക്ക് റിലാക്സ്ഡ് ആയ ഉറക്കം വഭിക്കുകയും ചെയ്യും.