എം.പിയെയും എം.എൽ.എ യെയും ക്ഷണിച്ചില്ല; വടകര ജില്ലാ ആശുപത്രി കെട്ടിടോദ്ഘടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഎഫും ആർ.എം.പി.ഐയും


വടകര: വടകര ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കെ മുരളീധരൻ എം.പിക്കും, കെ.കെ രമ എം.എൽ.എ യ്ക്കും ക്ഷണമില്ലെന്ന് ആരോപിച്ച് യു.ഡി.എഫും ആർ.എം.പി.ഐയും ചടങ്ങ് ബഹിഷ്ക്കരിക്കുന്നു. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി എം.പിയുടെയും, എം.എൽ.എയുടെയും പേരുൾപ്പെടുത്തുകയല്ലാതെ ഈ സമയംവരെ ഇവരെ ഔദ്യോഗികമായി ചടങ്ങിലേക്ക് ക്ഷണിക്കാനോ, പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവെക്കാനോ ജില്ലാ പഞ്ചായത്തോ ബന്ധപ്പെട്ടവരോ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ചടങ്ങു ബഹിഷ്‌കരിക്കുന്നതെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ 20 നു ചേർന്ന അടിയന്തിര ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയിലാണ് ഏപ്രിൽ 28 നടക്കാൻ പോകുന്ന കെട്ടിടോദ്ഘടന ചടങ്ങിനെ കുറിച്ച് ജില്ലാ പഞ്ചായത്ത് അറിയിക്കുന്നതെന്ന് നോതാക്കൾ പറഞ്ഞു. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന വലിയ ചടങ്ങായതിനാൽ രാഷ്ട്രീയപാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും ഇതര സന്നദ്ധ സംഘടനകളെയുമെല്ലാം ഉൾപ്പെടുത്തി വിപുലമായ സംഘാടകസമിതി ചേരേണ്ടതാണെന്ന അഭിപ്രായത്തെ ജില്ലാ പഞ്ചായത്ത് തള്ളിക്കളയുകയും എച്ച്.എം.സി യോഗം തന്നെ സംഘാടകസമിതി യോഗമെന്ന പേരിൽ നടത്തുകയുമായിരുന്നുവെന്ന് അവർ ആരോപിച്ചു.

എം.പിയെയും എം.എൽ.എയെയും നേരിൽ വിളിച്ചു ഉദ്ഘാടന ചടങ്ങു സംബന്ധിച്ചു സംസാരിക്കാൻ ആ എച്ച്.എം.സി യോഗത്തിൽ തീരുമാനമായെങ്കിലും ഈ സമയം വരെ അദ്ദേഹത്തെ വിളിക്കാനോ പരിപാടിയിലേക്ക് ക്ഷണിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നും എം.പിക്ക് ഔദ്യോഗികമായി ഒരറിയിപ്പും നൽകാതെയാണ് അദ്ദേഹത്തിന്റെ പേര് പ്രോഗ്രാം നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും നേതാക്കൾ ആരോപിച്ചു. ജില്ലാപഞ്ചായത്തിന്റെ ഈ തെറ്റായ സമീപനത്തിനെതിരെ എം.പി നബാർഡ് ചെയർമാനും, കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ഒരു ഘട്ടത്തിൽ ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടുന്നതിനു പലതരം പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെ സ്ഥലം എം.എൽ.എ എന്ന നിലയിൽ നിരന്തരം അത്തരം പ്രശ്‌നപരിഹാരങ്ങൾക്കായി ഇടപെടുകയും തിരുവനന്തപുരത്തുൾപ്പെടെ പൊതുമരാമത്തു മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥതതല പ്രത്യേക യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുന്നതിന് കെ.കെ രമ നേതൃത്വംനൽകിയിരുന്നു. തുടർച്ചയായാണ് ഇപ്പോൾ പുതിയ കെട്ടിടമെന്ന വടകര ജനതയുടെ സ്വപ്നം യാഥാർഥ്യമാകുന്നത്. എന്നാൽ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽനിന്നും എം.എൽ.എയെ മാറ്റി നിർത്തുന്ന തരത്തിലുള്ള അവസ്ഥയാണ് ഉള്ളതെന്നും അവർ കുറ്റപ്പെടുത്തി.

ആരോഗ്യ വകുപ്പുമന്ത്രി ചടങ്ങിൽ എത്തിച്ചേരുമെന്ന് മന്ത്രിയുടെ ഓഫിസിൽനിന്നും ലഭിച്ച അറിയിപ്പല്ലാതെ ഔദ്യോഗകമായി എം.എൽ.എയെ പരിപാടിയിൽ ക്ഷണിക്കുകപോലും ചെയ്യാതെ മറ്റിനിർത്താനാണ് ജില്ലാ പഞ്ചായത്തും സംഘാടകരും ശ്രമിച്ചതെന്നും ഒടുവിൽ പ്രതിപക്ഷ പാർട്ടികളുടെ വിയോജിപ്പ് കണക്കിലെടുത്ത് ഇന്ന് രാവിലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.എൽ.എയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ തയ്യാറായതെന്നും അവർ പറഞ്ഞു.

ജില്ലാ ആശുപത്രിയുടെ ഉദ്ഘാടനത്തിൽ സ്ഥലത്തെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തെ ക്ഷണിക്കാതെ എച്ച്.എം.സി അംഗങ്ങൾക്കുമാത്രം ക്ഷണം നൽകിയതും പ്രതിഷേധാർഹമാണ്. വാർത്താസമ്മേളനത്തിൽ കോട്ടയിൽ രാധാകൃഷ്ണൻ, എം.സി വടകര, കുളങ്ങര ചന്ദ്രൻ, പുറന്തോട്ടത്തിൽ സുകുമാരൻ, എൻ,പി അബ്ദുല്ല ഹാജി, പി.പി ജാഫർ എന്നിവർ പങ്കെടുത്തു.