ഇ.എം ദയാനന്ദൻ ഇനി സമര ചരിത്രങ്ങളിലെ ജ്വലിക്കുന്ന ഓർമ്മ; പ്രിയ സഖാവിന് അന്തിമോപചാരമർപ്പിക്കാൻ ഒഞ്ചിയത്തേക്ക് ഒഴുകിയെത്തിയത് നിരവധിപേർ


ഒഞ്ചിയം: സിപിഎം മുൻ ഏരിയാ സെക്രട്ടറിയും ധീരനായ കമ്യൂണിസ്റ്റുമായ ഇ.എം ദയാനന്ദന് ആയിരങ്ങളുടെ യാത്രാമൊഴി. കർക്കശമായ നിലപാടിലൂടെ അചചഞ്ചലമായ പാർട്ടി കൂറും, കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി അനിതരസാധാരണമായ വ്യക്തിത്വവും ജീവിതത്തിലുടനീളം പ്രകടിപ്പിച്ച പോരാളിയെയാണ് അദ്ദേഹത്തിന്റെ വിയോ​ഗത്തോടെ പാർട്ടിക്ക് നഷ്ടമായത്. പാർട്ടി ജീവവായുവെന്ന് കരുതി ജീവിച്ച നേതാവായിരുന്നു അദ്ദേഹം.

രാവിലെ മുതൽ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ടവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു. കല്ലാമലയിലെ സരയുവിൽ അണമുറിയാത്ത ജനപ്രവാഹം സുദീർഘമായ സമരജീവിതത്തിനുള്ള നാടിൻ്റെ ആദരവായി മാറി. കണ്ണൂർ ജില്ലയിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും അന്ത്യാഭിവാദ്യം നേരാനെത്തി. ഒഞ്ചിയത്തിൻ്റെ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലാകെ പടർന്ന നിരവധി പോരാട്ടങ്ങളും സംഭവങ്ങളും വേദിയിൽ ഓർമ്മകളുടെ തിരകളായി. കമ്മ്യൂണിസ്റ്റ് വിരുദ്ധ – വലത് പക്ഷ ശക്തികളെ കോട്ട കെട്ടി പ്രതിരോധിച്ച സമരയോദ്ധാവിന് ഒഞ്ചിയത്തിൻ്റെ അന്ത്യാഭിവാദ്യം നേർന്ന, പ്രവർത്തകരുടെ മുദ്രാവാക്യം വിളി അന്തരീക്ഷത്തിൽ ഇടിമുഴക്കമായി.

അര്‍ബുദബാധയുടെ പിടിയിലകപ്പെട്ട് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. സിപിഎം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ.എം.ദയാനന്ദന്‍ മുപ്പത് വര്‍ഷത്തിലേറെ കാലമാണ് സിപിഎം ഒഞ്ചിയം ഏരിയ കമ്മറ്റി മെമ്പറായി പ്രവര്‍ത്തിച്ചത്. അഞ്ച് വർഷത്തോളം ഏരിയാ സെക്രട്ടറി പദവിയും അലങ്കരിച്ചു. നിലവിൽ കല്ലാമല ബ്രാഞ്ച് പാർട്ടി അംഗമായിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.