പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ ശരിയായ ഭക്ഷണ ക്രമം പ്രധാനം; വരാന്‍ പോവുന്ന പരീക്ഷാ കാലത്തെ മുന്നില്‍ കണ്ട് ശരിയായ ആഹാര രീതിയിലേക്ക് മാറാം, വിശദമായി അറിയാം


ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ വേനല്‍ ചൂടിനോടൊപ്പം പരീക്ഷാ ചൂടും തലയ്ക്ക് പിടിക്കുന്ന സമയമാണ്. ഈ കാലം ഉറക്കമിളച്ചും ഭക്ഷണം വെടിഞ്ഞും പഠിക്കുന്നത് കുട്ടികളില്‍ പലരുടേയും ശീലമാണ്. എന്നാല്‍ ഇത് നല്ല ശീലമല്ല. ശരിയായ പഠനത്തോടൊപ്പം ചിട്ടയായ ഭക്ഷണ ക്രമവും ഉറക്കവും നല്ല വിജയത്തിലേക്കെത്താന്‍ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രഭാത ഭക്ഷണം മുതല്‍ രാത്രിയില്‍ കഴിക്കുന്ന അത്താഴം വരെ ശ്രദ്ധയോടെ ക്രമീകരിക്കണം. ഇതിനായി രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവയെക്കുറിച്ച് വിശദമായി നോക്കാം.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം ഏറ്റവും പോഷകമൂല്യമുള്ളത് തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ആവിയില്‍ വേവിച്ചെടുത്ത ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.

ഇടവേളകളില്‍ ഭക്ഷണം

കഴിക്കുമ്പോള്‍ ഒരുപാട് ഭക്ഷണം കഴിക്കുകയും പിന്നീട് ഇരുന്ന പഠിക്കുകയും ചെയ്യം എന്ന് കരുതിയാല്‍ അത് തെറ്റായ രീതിയാണ്. നാലു നേരം വയര്‍ നിറയ്ക്കാതെ ഇടവിട്ട് പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക വഴി കുട്ടി ഉന്മേഷവാനായിരിക്കുകയും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യും.

പഴം പച്ചക്കറി മാത്സ്യം ഇവ ശരിയായ അളവില്‍

കുട്ടിക്ക് ഒറ്റ ദിവസത്തേക്കുള്ള ഭക്ഷണം ചിട്ടപ്പെടുത്തുമ്പോള്‍ മാംസ്യത്തിന്റെ സ്ഥാനം ഉറപ്പു വരുത്തണം. പാല്‍, മുട്ട, മത്സ്യം (മത്തി, അയല, ചൂര) പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ശരീരകലകളുടെ നിര്‍മ്മാണത്തിന് അനിവാര്യമാണ്. ജീവകം ബി, സി, സിങ്ക് അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. അതു മാത്രമല്ല ഭീതി ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ആന്റി ഓകിസിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫ്‌ലാക്‌സ് സീഡ്, സോയാബീന്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂട്ടി ഓര്‍മ പ്രധാനം ചെയ്യുന്നു. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

രാത്രി ഭക്ഷണം

രാത്രിയില്‍ ചിരുങ്ങിയ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കേണ്ടതായുള്ളു. കാഴുപ്പ് കുറഞ്ഞതും ധാരാളം നാരുകള്‍ അടങ്ങിയതുമായിരിക്കണം രാത്രിഭക്ഷണം. മധുരം, പുളി, എരിവ് എന്നിവ അമിതമായ ഭക്ഷണം നന്നല്ല. അത്താഴത്തിന് ശേഷം ഒരു ഗ്ലാസ്സ് ഇളം ചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.

വെള്ളം അത്യാവശ്യം

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ജലാംശം ശരീരത്തില്‍ കുറഞ്ഞാല്‍ അതു പഠനത്തെ കാര്യമായി ബാധിക്കും. വെള്ളം ധാരാളം അടങ്ങിയ പഴങ്ങള്‍ (തണ്ണി മത്തന്‍, ഓറഞ്ച്, മധുരനാരങ്ങ, മസ്‌ക്‌മെലന്‍) എന്നിവ ഉള്‍പ്പെടുത്തുക. തിളപ്പിച്ചാറിയ വെള്ളം, പഴച്ചാറുകള്‍, നാരങ്ങാ വെള്ളം, മോരിന്‍ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ കുടിക്കാം.

ഉറക്കം അത്യാവശ്യം

ശരിയായ ഉറക്കം വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും അത്യാവശ്യമാണ്. ഉറക്കം ബ്രെയിന്‍ കോശങ്ങള്‍ക്ക് വിശ്രമം നല്‍കുകയും ഉണര്‍വും ഉന്മേഷവും പ്രധാനം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. ദിവസേന 30-45 മിനിറ്റ് വ്യായാമം ചെയ്യുന്നത് മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഉത്കണ്ഠ കുറയുകയും ആത്മവിശ്വാസം ഉണര്‍ത്തുകയും ചെയ്യും.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

നാരുകള്‍ നീക്കിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ (മൈദ ചേര്‍ത്തിട്ടുള്ള ആഹാരങ്ങള്‍), ചോക്ലേറ്റ്, ബേക്കറി പലഹാരങ്ങള്‍, കോള പാനീയങ്ങള്‍, പായ്ക്കറ്റ്, ഫുഡുകള്‍, അമിതമായി മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം.