ഊര്‍ജോപയോഗം കുറക്കാനായി ബി.എല്‍.ഡി.സി ഫാന്‍, ബള്‍ബുകളുടെ പുനരുപയോഗം; കേരള എനര്‍ജി സേവിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ അവാര്‍ഡ് വടകര നഗരസഭാ ഗ്രീന്‍ടെക്‌നോളജി സെന്ററിന്


വടകര: ഈ വര്‍ഷത്തെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സ്ഥാപനതല എനര്‍ജി സേവിങ് അവാര്‍ഡിന് വടകര നഗരസഭയിലെ ടെക്‌നോളജി സെന്റര്‍ അര്‍ഹത നേടി. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന അന്താരാഷ്ട്ര ഊര്‍ജമേളയിലെ അവാര്‍ഡ്ദാന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അവാര്‍ഡ് കൈമാറി. വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ പ്രഭാകരന്‍, നഗരസഭസെക്രട്ടറി എന്‍.കെ ഹരീഷ്, ഹരിയാലി കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകരായ അനില, ദിവ്യ, അജിത എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഊര്‍ജ ഉപയോഗം കുറക്കുവാന്‍ വേണ്ടി ബിഎല്‍ഡിസി ഫാന്‍ പ്രോത്സാഹിപ്പിച്ചും ഉപയോഗ ശൂന്യമായ ബള്‍ബുകള്‍ റിപ്പയര്‍ ചെയ്തുകൊണ്ടും പുതിയവ നിര്‍മിച്ചു കൊണ്ടും മാതൃക സൃഷ്ടിച്ച സ്ഥാപനം എന്ന നിലയില്‍ ആണ് ഈ അവര്‍ഡിന് ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ തെരെഞ്ഞെടുക്കപെട്ടത്. വെദ്യുതിയുടെ എനര്‍ജി സേവിങ്ങിലൂടെ വലിയൊരു അളവില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഇതുവഴി സാധ്യമായി.

നിലവില്‍ ഊര്‍ജ സംരക്ഷണ മേഖലയില്‍ സമഗ്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഹരിത കേരളം മിഷന്റെ സഹായത്തോടെ വടകര നഗരസഭ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നുണ്ട്. നഗരസഭ തലസ്ഥാപനങ്ങള്‍ ഊര്‍ജ കാര്യക്ഷമത സ്ഥാപനങ്ങള്‍ ആക്കുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ടുപോകുന്ന നഗരസഭയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഗ്രീന്‍ ടെക്‌നോളജി സെന്ററിന് ലഭിച്ച അവാര്‍ഡ്.