സ്മാര്‍ട്ടായി പഠിക്കാം; പാലയാട് എല്‍.പി സ്‌കൂളിലെ നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികള്‍ക്കായ് തുറന്നു


മണിയൂര്‍: പാലയാട് എല്‍.പി സ്‌കൂളിലെ നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും സംയുക്ത ഡയറി പ്രകാശനവും നടന്നു. നവീകരിച്ച ഒന്നാം ക്ലാസ് സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സംയുക്ത ഡയറി ‘ഇന്നലെകള്‍’ പ്രകാശനവും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ സി നിര്‍വ്വഹിച്ചു.

മാനേജ്‌മെന്റിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ ഒന്നര ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ക്ലാസ് റൂമില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാലയാട് എല്‍.പി സ്‌കൂളിന്റെ തനത് പ്രവര്‍ത്തനമായിരുന്ന സംയുക്ത ഡയറി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന് മാതൃകയായ വിദ്യാര്‍ത്ഥികളുടെ ഡയറിക്കുറിപ്പുകളാണ് പ്രകാശനം ചെയ്തത്.

സ്മാര്‍ട്ട് ക്ലാസ് റൂമിലേക്കുള്ള ടിവി ലയണ്‍സ് ക്ലബ്ബ് വടകരയ്ക്ക് വേണ്ടി സുജിത്ത് കെ ( ലയണ്‍ മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ ) സ്‌കൂളിന് കൈമാറി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ബൈജു പാലയാട് അധ്യക്ഷത വഹിച്ചു.

ശോഭന പി (വാര്‍ഡ് മെമ്പര്‍), ലിനീഷ് വി (ബി ആര്‍ സി ട്രെയിനര്‍ ) , കെ.പി വിപിന്‍ കുമാര്‍(മാനേജര്‍),രാജീവന്‍ വളപ്പില്‍ കുനി ( ജി.എച്ച് എസ് എസ് മണിയൂര്‍ പ്രധാനാദ്ധ്യാപകന്‍) രാജഗോപാലന്‍ പി പി(പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി), ഷൈജു എം.കെ(എസ്.എസ്.ജി കണ്‍വീനര്‍). രമ്യ കെ(എം പി ടി എ ചെയര്‍ പേഴ്‌സണ്‍) എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

റിന്‍ഷാദ് എന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. ചടങ്ങില്‍ പ്രധാനാധ്യാപിക ബീന പുത്തൂര്‍ സ്വാഗതവും പ്രീതി എന്‍ നന്ദിയും പറഞ്ഞു.