തോലേരിയില്‍ കെഎസ്ഇബി ലൈനില്‍ നിന്നും തെങ്ങിലേക്ക് തീപടര്‍ന്നു; പരിഭ്രാന്തിപരത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ അഗ്നിരക്ഷാ സേന തീയണച്ചു


പയ്യോളി: തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തെങ്ങിലേക്ക് കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് തീ പടര്‍ന്നു. തോലേരിയില്‍ കളത്തില്‍ അബ്ദുള്ളയുടെ പറമ്പിലെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിനാണ് തീപടര്‍ന്നത്.

വളരെ തിരക്കേറിയ റോഡിന് സമീപത്തെ തെങ്ങിലെ തീ മറ്റ് ഭാഗങ്ങളിലേക്കോ, റോഡിലെ വാഹനങ്ങളിലേക്കോ പടരുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിന്നു.

തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ നിശ്ശേഷം അണച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, പി.ആര്‍ സോജു, കെ.പി വിപിന്‍, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കെ.എസ്.ഇ.ബി ജീവനക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു. വേനല്‍ കഠിനമാകുന്ന സാഹചര്യത്തില്‍ അഗ്നിബാധയ്‌ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിരക്ഷാസേനാവൃത്തങ്ങള്‍ അറിയിച്ചു.