ഷാഫിക്കായി വോട്ട് ചോദിച്ച് ഡി.കെ.ശിവകുമാർ നാദാപുരത്ത്; ആവേശമായി റോഡ്ഷോ


നാദാപുരം: കൊണ്ടും കൊടുത്തും മുന്നേറുന്ന വടകരയുടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അവസാനഘട്ടത്തിൽ ആവേശമായി ദേശീയ നേതാക്കൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നാദാപുരത്ത് എത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് പ്രവർത്തകർ നൽകിയത് ഉജ്ജ്വല വരവേൽപ്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും റോഡ് ഷോയിലുമായി അണിനിരന്നത് ആയിരങ്ങൾ.

ബാൻ്റ്മേളവും ശിങ്കാരിമേളവും മുത്തുക്കുടകളുമെല്ലാമായി ഉത്സവപ്രതീതിയിലാണ് റോഡ് ഷോ നടന്നത്. മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡി.കെ.ശിവകുമാർ, ഷാഫി പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ, ആർ.എം.പി നേതാവ് എൻ.വേണു, കെ.പി.സി.സി സെക്രട്ടറിമാരായ വി.എം.ചന്ദ്രൻ, ഐ.മൂസ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി.കെ.സുബൈർ, മുഹമ്മദലി, കേരള കോൺഗ്രസ് നേതാവ് പി.എം.ജോർജ് തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സംബന്ധിച്ചു.