പ്രശസ്ത തെരുവ് നാടക നടൻ പ്രതീഷ് കോട്ടപ്പള്ളിക്ക് കുറ്റ്യാടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം


കുറ്റ്യാടി: ആനുകാലിക സംഭവങ്ങൾ ഒട്ടും തനിമ ചോരാതെ പ്രതിഷേധത്തിൻ്റെയും മുന്നറിയിപ്പിൻ്റെയും തീപ്പാറും വാക്കുകളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവ തെരുവ് നാടക നടൻ പ്രതീഷ് കോട്ടപ്പള്ളിക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്‌.

കണ്ണൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന് ജീവൻ നൽകി അറുനൂറിലധികം വേദികളിൽ അവതരിപ്പിച്ച “വാളല്ല എൻ്റെ സമരായുധം” എന്ന നാടകം പ്രതീഷിൻ്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്‌. കൊലപാതക രാഷ്ട്രീയം, പൗരത്വ ബില്ല്‌, നോട്ട് നിരോധനം, കെ- റെയില്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രതീഷ് തെരുവ് നാടകം കളിച്ചിട്ടുണ്ട്‌.

നിരവധി നാടക പ്രവർത്തകരും സിനിമാ മേഖലയിലുമുള്ളവരുമായി വിശാല സൗഹൃദം പുലർത്തുന്ന പ്രതീഷ് കെ.പി.സി.സി.യുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ കുറ്റ്യാടി നിയോജക മണ്ഡലം കൺവീനറാണ്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ
മരണവുമായി ബന്ധപ്പെട്ട് ക്യാംപസുകളിൽ നടക്കുന്ന അതിക്രമത്തിനെതിരെയും, ലഹരി ഉപയോഗത്തിനെതിരെയും ശബ്ദമുയർത്തുന്ന നാടകത്തിൻ്റെ പണിപ്പുരയിലാണ് പ്രതീഷ് ഇപ്പോള്‍.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രതീഷ് കോട്ടപ്പള്ളിക്ക് ഉപഹാരം നൽകി. കെ.ടി ജെയിംസ്, പി.കെ സുരേഷ്, എസ്.സുനന്ദ്, പി.പി ദിനേശൻ, ഇ.എം അസ്ഹർ, ടി.സുരേഷ് ബാബു, പി.കെ ഷമീർ, രാഹുൽ ചാലിൽ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, ധനേഷ് വള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.