‘വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കുമായിരുന്നു, വോട്ട് മറിച്ചാലും വടകരയില്‍ വിജയം ഉറപ്പായിരുന്നു’; കെ.മുരളീധരന്‍


വടകര: ‘വടകരയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കുമായിരുന്നുവെന്ന് കെ.മുരളീധരന്‍. മാതൃഭൂമിഡോട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. നേമത്ത് അവരുടെ സ്ഥാനാര്‍ത്ഥി തോറ്റതിന്റെ പ്രധാന കാരണം ഞാന്‍ മത്സരിച്ചതാണ്. അതുകൊണ്ടുതന്നെ ഞാന്‍ അവരുടെ നോട്ടപ്പുള്ളിയുമാണ്. എന്നെ തോല്‍പ്പിക്കാന്‍ വടകരയില്‍ അവര്‍ വോട്ട് മറിക്കുമെന്ന് കൃത്യമായി വിവരം ലഭിച്ചിരുന്നു. അതിനായാണ് അവര്‍ പ്രഫുല്‍കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ ബിജെപി വോട്ട് മറിച്ചാലും വടകരയില്‍ എനിക്ക് വിജയം ഉറപ്പായിരുന്നു. അത്രയ്ക്ക് ആത്മബന്ധം എന്നിക്കാ മണ്ഡലവുമായുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ ആ പ്രതിസന്ധിയെ നേരിടാന്‍ കെ.മുരളീധരന്‍ എന്ന നേതാവാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്, അതുകൊണ്ട് താങ്കളെ ‘ക്രൈസിസ് മാനേജര്‍’ എന്ന് വിളിക്കാമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്”പാര്‍ട്ടിയ്ക്ക് ഒരു നിര്‍ണായക ഘട്ടം വന്നപ്പോള്‍ പാര്‍ട്ടി വടകരയില്‍ മത്സരിക്കണമെന്ന് പറഞ്ഞു. അങ്ങനെ വടകരയില്‍ മത്സരിച്ചു ജയിച്ചു. നേമത്ത് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ തൃശ്ശൂരിലേക്ക് മാറ്റാന്‍ പ്രധാന ഘടകം കെ.കരുണാകരന്റെ തട്ടകമായത് കൊണ്ടാണ്. ഇവിടെ പത്മജ പാര്‍ട്ടി വിട്ടുപോയപ്പോള്‍ ചില കണ്‍ഫ്യൂഷനുകള്‍ ഉണ്ടാക്കാന്‍ നോക്കി. അങ്ങനെ വന്നപ്പോഴാണ് ടി.പ്രതാപന്റെ കൂടെ നിര്‍ദ്ദേശം അംഗീകരിച്ച് കൊണ്ട്‌ പാര്‍ട്ടി മത്സരിക്കാന്‍ ചുമതലപ്പെടുത്തിയതെന്നും അദ്ധേഹം പറഞ്ഞു.

വടകര പോലൊരു നിയോജക മണ്ഡലം ഭരിക്കാന്‍ അത്ര എളുപ്പമല്ലെന്നും രാഷ്ട്രീയ പരമായി ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നിന്നും എത്തിയതിന് ശേഷം ഫലത്തില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും, പക്ഷേ പത്മജയുടെ പോക്ക് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം അടക്കം എല്ലാം പെട്ടെന്ന് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനാത്താണെന്നും കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നും മുരധീരന്‍ പറഞ്ഞു. ബിജെപി എന്താണെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കറിയാം. വര്‍ഗീയതുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്നും ആര്‍എസ്എസിനെ എതിര്‍ക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നിലേക്ക് പോവില്ലെന്നും മുരളി വ്യക്തമാക്കി.