കാറില്‍ വെച്ച് മയക്കുമരുന്ന് പിടികൂടിയ കേസ്; യുവാവിന് പത്തുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി


വടകര: മയക്കുമരുന്ന് പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിന് പത്തു വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി. കണ്ണൂര്‍ മാണിക്കപ്പ കടവില്‍ സലീം ക്വാട്ടേഴ്‌സില്‍ റിയാസ് സാബിറി(30 )നെതിരെയാണ് ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2022 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ ചേനോളി കമ്പനി റോഡില്‍ നിന്നും കണ്ണോട്ടും ചാലിലേക്ക് പോകുന്ന റോഡില്‍ വാഗണര്‍ കാറില്‍ വെച്ച് 132 ഗ്രാം മെത്തഫിറ്റമിന്‍ മയക്ക് മരുന്നുകളുമായി കണ്ണൂര്‍ എക്സ് സൈസ് ഇന്‍സ്പെക്ടറായിരുന്ന സിനു കൊയിലോത്തിന്റ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായത് മുതല്‍ പ്രതി റിമാന്റില്‍ ആയിരുന്നു.