ചോറോടുണ്ടായ വാഹനാപകടത്തില്‍ കോറോത്ത് റോഡ് സ്വദേശി മരണപ്പെട്ടു; ഭാര്യക്കും കുഞ്ഞിനും ഗുരുതര പരിക്ക്


വടകര: ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിനുസമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. കോറോത്ത് റോഡ് സ്വദേശിയായ അഴിയൂർ കൃഷ്ണാലയത്തിൽ രഞ്ജീവ് (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മക്കള്‍ക്കും സാരമായി പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ട് 3.20-ഓടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ രഞ്ജീവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ റോഡരികിലെ സംരക്ഷണവേലിയും തകർത്തു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിലുണ്ടായിരുന്നവർ തെറിച്ചുവീഴുകയായിരുന്നു. രഞ്ജീവിനെ ഉടൻതന്നെ വടകര ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ നിഖില (33), മക്കളായ നൈനിക (മൂന്ന്), ഋതുൻ കൃഷ്ണ (അഞ്ച്) എന്നിവരെ വടകര പാർക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. കാലിന്റെ തുടയെല്ലിന് ക്ഷതമേറ്റ നിഖിലയെ ഇന്ന് രണ്ട് തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇളയ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി വടകര പൊലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

മരിച്ച രഞ്ജീവ് ന്യൂ മെഡിക്കൽസ് സെയിൽസ്‌മാനും ഭാര്യ നിഖില അഴിയൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു അധ്യാപികയുമാണ്. രഞ്ജീവ്. അച്ഛൻ: പരേതനായ കൃഷ്ണക്കുറുപ്പ്. അമ്മ: സരസ്വതി. സഹോദരങ്ങൾ: ഷംജീവ്, വിനീത, അനിത, കവിത, സവിത.

രഞ്ജീവിന്റെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ നടക്കും.