ആവേശത്തിന്റെ വലകുലുക്കുന്ന വോളിബോള്‍ കാഴ്ചകള്‍ കാണാം; ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സി.പി.എമ്മിന്റെ വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം


വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണ്ണമെൻറിന് ഇന്ന് തുടക്കം. ഓര്‍ക്കാട്ടേരി  ചന്ത മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി വോളിബോൾ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യും.

മെയ് 8 മുതൽ 14 വരെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ അറിയപ്പെടുന്ന കളിക്കാരടങ്ങുന്ന 6 പുരുഷ ടീമുകളും 4 വനിതാ ടീമുകളും മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിനമായ ഇന്ന് കേരള പൊലീസും ഖേലോ ഇന്ത്യയുടെ വനിതാ ടീമുകളും തമ്മിലാണ് ആദ്യ മത്സരം. നടക്കുന്ന മത്സരത്തോടു കൂടി  വനിതാ ടീമുകളുടെ മത്സരത്തിന് ശേഷം രാത്രി എട്ടിന് കേരളാ പൊലീസ് ഹുബ്ലി റെയിൽവേ പുരുഷ ടീമുകള്‍ തമ്മിലാണ് മാറ്റുരക്കുക. ഇരു വിഭാഗത്തിലും ദേശീയ അന്തർ ദേശീയ താരങ്ങളും സർവ്വകലാശാല താരങ്ങളും പങ്കെടുക്കും.

പുരുഷ വിഭാഗത്തിൽ ബിപിസിഎൽ കൊച്ചി, കെഎസ്ഇബി, തണ്ടർ ബോൾട്ട്, കൊച്ചിൻ കസ്റ്റംസ്, വനിതാ വിഭാഗത്തിൽ കേരള പൊലീസ്, അൽഫോൻസ കോളേജ് പാല, സെന്റ് ജോസഫ് പത്തനംതിട്ട, ഖേലോ ഇന്ത്യ പത്തനംതിട്ട തുടങ്ങിയ ടീമുകളും തുടർന്നുള്ള ദിവസങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കും.

ഇന്റർനാഷണലുകളായ ജെറോം വിനീത്, മുത്തു സ്വാമി, അജിത്ത് ലാൽ, അഖിൻജാസ്, രോഹിത്ത്, രാഹുൽ, എറിൻ വർക്കി, ഇക്ബാൽ, അൻസബ് അശ്വൽറായ് കാർത്തിക് നന്ദന, ആര്യ, അനുദേവി ശരണ്യ, അനഘ, അഭിരാമി, റോസ്മേരി ടൈറ്റസ്, തുടങ്ങിയവരും വിവിധ ടീമുകൾക്കായി അണിനിരക്കും.

പുരുഷ വിഭാഗത്തിൽ മൂന്ന് ടീമുകൾ വീതം രണ്ടു പൂളുകളായി തിരിച്ചു ഓരോ പൂളിൽ നിന്നുമുള്ള വിജയികൾ തമ്മിലാണ്  ഫൈനൽ മത്സരം നടത്തുക. വനിതാ വിഭാഗത്തിൽ റൌണ്ട് റോബിൻ രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വനിതാ ടീമുകളുടെ മത്സരം രാത്രി ഏഴിനും തുടർന്ന് പുരുഷ ടീമുകളുടെ മത്സരവും നടക്കും.

ആവേശം ചോരാതെ മത്സരം കാണുന്നതിനായി ഗാലറിയും കസേരയും അടക്കം 4000 പേർക്കുള്ള സൗകര്യം മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്. സീസൺ ടിക്കറ്റിനു പുറമേ ഓരോ ദിവസത്തെയും മത്സരം കാണാനുള്ള ടിക്കറ്റുകളും സ്റ്റേഡിയത്തിനു അനുബന്ധമായുള്ള കൗണ്ടറിൽ ലഭ്യമാകും.

സ്വാന്ത്വന പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാട്ടിലെ ആരോഗ്യ പരിപാലന രംഗത്തെ ഇടപെടലുകള്‍ ഊര്‍ജ്ജിതമാക്കുന്നതിനുമായി  ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കാനാണ് സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്.