ടി.പി വധക്കേസ്: പ്രതികളായ 2 സിപിഎം നേതാക്കൾ കീഴടങ്ങി; ഒരാൾ വന്നത് ആംബുലൻസിൽ


വടകര: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കോടതിയില്‍ എത്തി കീഴടങ്ങി. കേസില്‍ പത്താം പ്രതിയായ കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയില്‍ എത്തി കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്.

ഈ മാസം 26ന് കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതയില്‍ കീഴടങ്ങിയത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് കോടതിയില്‍ എത്തിച്ചത്. ഡയാലിസിസ് രോഗിയാണ്‌
ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. സിപിഎം നേതാക്കളും ഇവര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു.

തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ട് ഇരുവരെയും വിചാരണകോടതി വിട്ടയച്ചിരുന്നു. എന്നാല്‍ ഈ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദു ചെയ്യുകയായിരുന്നു. ഇവരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് 2012 ഏപ്രില്‍ 10ന് ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി, എട്ടാം പ്രതി കെ.സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ക്കൊപ്പം ജ്യോതി ബാബു ഒത്തുകൂടിയതായി സാക്ഷിമൊഴികളുണ്ട്.

2012 മേയ് 4നാണ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ടി.പിയ്ക്കുനേരെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്ന് വിട്ടുപോയി ഒഞ്ചിയത്ത് ആര്‍.എം.പി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിന് പകരം വീട്ടാന്‍ സി.പി.എമ്മുകാരായ പ്രതികള്‍ കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വിചാരണയ്ക്ക് ശേഷം 2014ല്‍ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.