പരിമിതികളിലും മനോഹര ചുവടുകളുമായി അവര്‍; തോടന്നൂരില്‍ വര്‍ണവിസ്മയം തീര്‍ത്ത് ഭിന്നശേഷി കലാമേള


തോടന്നൂര്‍: ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ചെമ്മരത്തൂര്‍ മാനവീയം ഹാളില്‍ നിറഞ്ഞ സദസ്സില്‍ ഭിന്നശേഷി കലാമേള വര്‍ണ്ണ വിസ്മയം അരങ്ങേറി. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ആയഞ്ചേരി വില്യാപ്പള്ളി മണിയൂര്‍ തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറില്‍പരം കുട്ടികള്‍ മുഖത്ത് ചായയും തേച്ചും കാലില്‍ ചിലങ്കയണിഞ്ഞും നടന വേദിയില്‍ എത്തിയത് കാണികളില്‍ സന്തോഷത്തിന്റെ ആലതീര്‍ത്തു.

പല കുട്ടികളും വീല്‍ചെയറിലാണ് സ്റ്റേജില്‍ എത്തിയത്. തോടന്നൂര്‍ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ രാജീവന്‍ വളപ്പില്‍ കുനിയുടെ അധ്യക്ഷതയില്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനിപരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കാട്ടില്‍ മൊയ്തു മാസ്റ്റര്‍( ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ), വാഡ് അംഗങ്ങളായ ഗോപി നാരായണന്‍, ഹംസ വായേരി, പി.പി. രാജന്‍, ടി.വി. സഹീറ, ഒ.പി. രചന, പി. നിഷാന്ത്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജവാദ് എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകരയും ഭരതം കുട്ടോത്തും മുഖ്യാതിഥികളായി പങ്കെടുത്ത് കുട്ടികളോടൊത്ത് പാടി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനവും മെമെന്റോ യും നല്‍കി വൈകിട്ട് 6 മണിയോടുകൂടി പരിപാടി അവസാനിച്ചു.