കൂലി പുതുക്കിനിശ്ചയിച്ചില്ല; വടകരയിലെ പീടികത്തൊഴിലാളികൾ സമരത്തിലേക്ക്


വടകര : കൂലി പുതുക്കിനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് വടകരയിലെ പീടികത്തൊഴിലാളികൾ സമരത്തിലേക്ക്. 2023 ഡിസംബറിൽ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങാൻ തൊഴിലാളികൾ തീരുമാനിച്ചത്.

കരാർപ്രകാരം രണ്ടുവർഷം കൂടുമ്പോൾ തൊഴിലാളികളുടെ കൂലി പുതുക്കിനിശ്ചയിക്കണം. അതുപ്രകാരം 2023 ഡിസംബറിൽ കരാറിന്റെ കാലാവധി കഴിഞ്ഞതുമാണ്. അതിനാൽ 2024 ജനുവരിമുതൽ പുതിയ വർധന നടപ്പാക്കേണ്ടതാണ്.

എന്നാൽ, ഈ ആവശ്യം ഉന്നയിച്ച് യൂണിയൻ രണ്ടുപ്രാവശ്യം അസോസിയേഷന് നോട്ടീസ് നൽകിയിട്ടും ഒരു മറുപടിയും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ സൂചനാപണിമുടക്ക് നടത്താൻ തീരുമാനിച്ചത്.