കെ.കെ ശൈലജയ്‌ക്ക്‌ വക്കീല്‍ നോട്ടീസ് അയച്ച സംഭവം: ഷാഫി പറമ്പില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, അശ്ലീല, വര്‍ഗ്ഗീയ പ്രചാരണം നടത്തുന്ന യു.ഡി.എഫിന്‌ വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്ന് എല്‍.ഡി.എഫ്‌


വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി.

ഷാഫി പറമ്പിലിന്റെ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ നിരവധി കേസികള്‍ നിലവിലിരിക്കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തനിക്കെതിരായ ജനരോക്ഷം മറികടക്കുന്നതിനായി ഷാഫി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയ സദാചാരമില്ലായ്മയും ഇന്ത്യയില്‍ ഉയര്‍ന്നുവന്ന സി.എ.എ പോലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ യാതൊരുവിധ പരിഹാരവും നിര്‍ദ്ദേശിക്കാനില്ലാതെ ബി.ജെ.പിയുടെ നിലപാട് തന്നെ ആവര്‍ത്തിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തി ജനങ്ങളിലുളവാക്കിയ കടുത്ത പ്രതിഷേധവും എതിര്‍പ്പും ഇല്ലാതാക്കാനോ മറച്ചുവെക്കാനോ ഈ വക്കീല്‍ നോട്ടീസ് കൊണ്ടെന്നും കഴിയില്ലെന്നും. സ്വന്തം രാഷ്ട്രീയ പാപ്പരത്തം മറച്ചുവെക്കനായി അശ്ലീല പ്രചാരണവും വര്‍ഗ്ഗീയ പ്രചാരണവും നടത്തുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരായി വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ശൈലജ ടീച്ചര്‍ക്കെതിരെ ബോധപൂര്‍വ്വം നടത്തിയ സൈബര്‍ പ്രചാരവേലയ്‌ക്കെതിരെ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അത്തരം പ്രചാരവേലകള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് നേരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ നിയമ നടപടിക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടീച്ചര്‍ക്കെതിരെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.

കെ.കെ. ശൈലജ ടീച്ചറുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയ വത്സന്‍ പനോളി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ശൈലജ ടീച്ചറുടെ ഫോട്ടോ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് സല്‍മാന്‍ വാളൂര്‍ എന്ന ആള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്‌. ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചതിനെതിരെ വടകര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മിന്‍ഹാജ് കെ.എം പാലോളി എന്ന വ്യക്തിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്‌.

അതുപോലെ തന്നെ ഷാഫിക്ക് വേണ്ടി അശ്ലീല പ്രചാരണം നടത്തിയതിനെതിരെ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍
ഷാഫി പറമ്പലിന്റെ കൂട്ടാളിയും ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ ഹരീഷ് നന്ദനത്തിന് നേരെയും
കേസ്സെടുത്തിരിക്കുകയാണ്. പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഷാഫിയുടെ കൂട്ടാളി ഷഫീഖ് വാലിയക്കോടിനെതിരെയും, വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ സത്യം പ്രൊഫൈലിനെതിരെയും നിയമ നടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അശ്ലീല പ്രചരണവും വര്‍ഗ്ഗീയ പ്രചാരണവും നടത്തിയതിനെതിരെ തൃശ്ശൂര്‍ പോലീസ് സ്റ്റേഷനില്‍ ഷാഫിയുടെ കൂട്ടാളി മുഹമ്മദ് അദ്‌നാന്‍ കെ.പിക്കെതിരെയും വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിന് തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനില്‍ ഷാഫിയുടെ കൂട്ടാളി ബെജിന്‍ തോമസിനെതിരെയും നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഷാഫിയുടെ മറ്റൊരു കൂട്ടാളി ഫൈസല്‍.പി.മൊയ്തുവിനെതിരെയും നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. കൂടാതെ ശൈലജ ടീച്ചര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വര്‍ഗ്ഗീയ പ്രചാരണത്തിനെതിരെ മറ്റൊരു കേസും നിലവിലുണ്ടെണ്ടെന്ന്‌ പ്രസ്താവനയില്‍ പറയുന്നു.