‘പ്രവാസി മിത്രം’ പദ്ധതി മുതല്‍ ടൂറിസം മേഖലയ്ക്കായി ‘സാംസ്‌കാരിക ഇടനാഴി’ പദ്ധതി വരെ; വടകരയുടെ സമഗ്ര വികസനത്തിന് ഊന്നൽ നല്‍കി എൽ.ഡി.എഫ് വികസന രേഖ


വടകര: വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നല്‍കി എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റിയുടെ വികസന രേഖ. കാർഷിക മേഖലയുടെ നവീകരണം, ജലഗതാഗതം, ഗതാഗതാ സൗകര്യങ്ങളുടെയും ടൗൺ ഷിപ്പുകളുടെയും വികസനം, തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ, മത്സ്യ മേഖലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ തലങ്ങളിലെ വികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നത്.

പ്രവാസികളുടെ ആശയപരവും സാമ്പത്തികവുമായ സഹകരണത്തോട് കൂടി വടകരയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന പ്രവാസി മിത്രം പദ്ധതി, നാളികേര കർഷകരുടെ പുരോഗതിക്കായി കേരോദ്യാനം പദ്ധതി, ചരിത്ര പരവും സാംസ്‌കാരികവുമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ടൂറിസം മേഖലയെ കൂടി ഉൾപ്പെടുത്തി സാംസ്‌കാരിക ഇടനാഴി എന്നിങ്ങനെ നിരവധിയായ പുതിയ പദ്ധതികൾ വികസന രേഖയിൽ പറയുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിധിനിർണായകമായ തെരെഞ്ഞെടുപ്പാണ് പതിനെട്ടാം ലോകസഭയിലേക്ക് നടക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും മതനിരപേക്ഷ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും സംരക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെ ദേശീയാധികാരത്തിൽ നിന്ന് പുറന്തള്ളാനും ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിലെത്തിക്കാനുമുള്ള ഈ പോരാട്ടത്തിൽ നിർണ്ണായകമായ പങ്കാണ് ഇടതുപക്ഷത്തിന് നിർവഹിക്കാനുള്ളത് എന്ന് വികസന രേഖയുടെ ആമുഖത്തിൽ പറയുന്നു.

കഴിഞ്ഞ 15 വർഷക്കാലമായി അടിസ്ഥാന വികസന രംഗത്തും മനുഷ്യവിഭവശേഷി വികസന രംഗത്തുമുള്ള കേന്ദ്ര പദ്ധതികളൊന്നും വടകരയിൽ നടപ്പാക്കിയിട്ടില്ല. യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കാനുതകുന്ന കേന്ദ്ര പദ്ധതികളും വടകരയിൽ എത്തിയിട്ടില്ല.ഇത്തരത്തിൽ കഴിഞ്ഞ 15 വർഷമായി കേന്ദ്രത്തിന്റെ വികസനങ്ങളൊന്നും ലഭിക്കാത്ത മണ്ഡലമാണ് വടകര. എന്നാൽ കഴിഞ്ഞ 8 വർഷം കൊണ്ട് 1716 കോടിയുടെ നിക്ഷേപങ്ങളാണ് മണ്ഡലത്തിൽ കിഫ്‌ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്നത് ശ്രദ്ധേയമാണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.

ടി പി രാമകൃഷ്ണൻ എം എൽ എ, വത്സൻ പനോളി,എം കെ ഭാസ്കരൻ, ടി കെ രാജൻ മാസ്റ്റർ, സി ഭാസ്കരൻ,സി കെ നാണു, കെ ടി കുഞ്ഞിക്കണ്ണൻ, ഒ രാജൻ മാസ്റ്റർ, വി ഗോപാലൻ മാസ്റ്റർ, ടി എൻ കെ ശശീന്ദ്രൻ, സി എച്ച് ഹമീദ്, സമദ് നരിപ്പറ്റ, അഡ്വ ലതിക ശ്രീനിവാസ്,‌ പി സുരേഷ് ബാബു, എടയത്ത് ശ്രീധരൻ എന്നിവർ ചേർന്ന് പാർലിമെന്റ് മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ചാണ് വികസന രേഖ പ്രകാശനം ചെയ്തത്.