സിൽവർലൈൻ കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് സി.പി.എം നേതാവ് എം.ഗിരീഷ് കീഴരിയൂരിൽ


കീഴരിയൂർ: സമാനതകളില്ലാത്ത വികസന വിപ്ലവമാണ് കേരളത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്നും സിൽവർലൈൻ കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികകല്ലാവുമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.ഗിരീഷ് പറഞ്ഞു. കീഴരിയൂർ സെൻ്ററിൽ സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇ.എം.എസ്-എ.കെ.ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തും വിദ്യഭ്യാസരംഗത്തും സർക്കാർ വൻ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണ വിധേയമാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും സർക്കാർ വിജയിച്ചു. അഴിമതിയുടെ കറപുരളാത്ത സർക്കാരാണിതെന്നും യു.ഡി.എഫ് ഭരണകാലത്ത് അഴിമതിയുടെ വികസനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.കെ.ബാബു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി.രാഘവൻ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമ്മല എന്നിവർ പ്രസംഗിച്ചു.