നൊച്ചാട് അനു കൊലക്കേസ്: മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പ്രതി കവർച്ചചെയ്ത സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലും സ്വർണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പുനടത്തും. പ്രതി കവർച്ചചെയ്ത് സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യംചെയ്യലിനും വിധേയമാക്കും. പ്രതിക്ക് നിയമസഹായം നൽകാൻ കോടതി അഭിഭാഷകനെയും ചുമതലപ്പെടുത്തി.

2000ല്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിയിൽ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ജ്വല്ലറി ഉടമ ഗണപതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും മുജീബ് റഹ്മാൻ പ്രതിയാണ്. കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസില്‍ മുജീബ് ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു.

മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.