വീട്ടിൽ നിന്ന് പോയത് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല, ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയത്; അന്വേഷണ സംഘത്തിന് മുന്നിൽ മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിന്റെ അമ്മ


മേപ്പയ്യൂർ: കൂനം വള്ളിക്കാവിലെ വടക്കേടത്തു കണ്ടി ദീപകിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദീപക്കിൻ്റെ അമ്മ ശ്രീലതയേയും സഹോദരീ ഭർത്താവിനേയും മേപ്പയൂർ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റേഷനിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി.

കഴിഞ്ഞ ജൂൺ എഴിന് വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ദീപക് എറണാകുളത്തേക്ക് പോയതെന്ന് അമ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. അന്നു രാത്രി ദീപക് വിളിച്ചിരുന്നു പിന്നീട് വിളിച്ചില്ലെന്നും മകന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ തുടർന്ന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ശ്രീലത പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും മകൻ തിരിച്ചെത്താതായപ്പോഴാണ് ജൂൺ 19 ന് മേപ്പയൂർ പൊലീസിൽ പരാതി നൽകിയത്. ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും അവർ പറഞ്ഞു.

ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ട മൃതദ്ദേഹം ദീപക്കിൻ്റെ താണെന്ന് ബന്ധുക്കളും സുഹൃത്തുക്കളുമാണ് തിരിച്ചറിഞ്ഞതെന്നും മൃതദേഹം ഏറ്റുവാങ്ങാൻ താൻ പോയിരുന്നില്ലെന്നും ശ്രീലത പറഞ്ഞു. അഴുകിയ നിലയിലായിരുന്ന മൃതദേഹം കാണുമ്പോൾ, മുഖം തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നെന്നും ദീപക്കിന്റെ സുഹൃത്ത് പറഞ്ഞു.

ജൂലൈ 17 നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് യുവാവിന്റെ മൃതദേഹ കണ്ടെത്തുന്നത്. മൃതദേഹം കാണാതായ ദീപക്കിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടില്‍ സംസ്‌ക്കരിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ജൂലൈ 22 ന് മേപ്പയൂർ പൊലീസിൻ്റെ സഹായത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് ശ്രീലതയുടെയും സഹോദരി ദിവ്യയും ഡിഎൻഎ ടെസ്റ്റ് നടത്തി.

കഴിഞ്ഞ ദിവസമാണ് പൊലീസ് ഔദ്യോഗികമായി അമ്മയുടെയും സഹോദരിയുടെയും ഡിഎൻഎക്ക് മൃതദേഹത്തിൽ നിന്ന് ലഭിച്ച സാംപിളുമായി സാമ്യമില്ലെന്നും അത് ദീപക്കിൻ്റെ മൃതദേഹമല്ലെന്നും അറിയിച്ചത്. പന്തിരിക്കരയിലെ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കാെണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം ഇർഷാദിന്റേതാവാമെന്ന സംശയത്തിലേക്ക് നയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് ഇർഷാദ് തന്നെയെന്ന് ഉറപ്പായത്. ഇതോടെ കാണാതായ ദീപക്ക് എവിടെയെന്ന ചോദ്യവും ശക്തമായി.

മേപ്പയൂർ സി.ഐ കെ.ഉണ്ണികൃഷ്ണൻ, എസ്.ഐമാരായ സുരേഷ്, ബാബു, കൂരാച്ചുണ്ട് സി.ഐ സുനിൽ കുമാർ തുടങ്ങിയ പത്തുപേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ഇവർ ഇതുവരെ നടന്ന സംഭവങ്ങൾ വിലയിരുത്തി.

Summary: Meppayur native Deppak missing case special investigation team questioned his mother brother in law