ലോക്‌സഭാ തെരഞ്ഞെടുപ്പ്: വടകരയില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്‌


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സിആര്‍പിഎഫും പോലീസും സംയുക്തമായി വടകരയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ദേശീയപാത, പെരുവാട്ടും താഴെ വഴി ജെ.ടി റോഡ്, പഴയ ബസ് സ്റ്റാന്റ് വഴി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

വടകര ഡിവൈഎസ്പി കെ.വിനോദ്, സി ഐ ടി.പി സുമേഷ്, സിആര്‍പിഎഫ് കമാന്റിങ് ഓഫീസര്‍ ജഗ് മോഹന്‍ റാവു എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ കൊയിലാണ്ടി പേരാമ്പ്ര, നാദാപുരം, വളയം, കുറ്റ്യാടി എന്നിവിടങ്ങളില്‍ കേന്ദ്രസേന മാര്‍ച്ച് നടത്തും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ എല്ലാ സർക്കാർ ഓഫീസുകൾ/തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ/പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നു ജില്ലാ കലക്ടർ അറിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ് കമ്മീഷൻ 2024 ജനുവരി രണ്ടിന് പുറപ്പെടുവിച്ച നിർദ്ദേശം അനുസരിച്ച് പുതിയ ടെണ്ടറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൂ കൂടിയേ പ്രസിദ്ധീകരിക്കാവൂ. പെരുമാറ്റച്ചട്ടം നിലവിൽ നിൽക്കുമ്പോൾ പുതിയ പദ്ധതികൾ തുടങ്ങാൻ പാടുളളതല്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ എല്ലാ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.