കാത്തിരിപ്പിന് അവസാനം: കോഴിക്കോട് ഗണപത് ബോയ്‌സ് സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം; കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിലെ ലിംഗ വിവേചനം അവസാനിക്കാന്‍ നമ്മള്‍ എത്രനാള്‍ കാത്തിരിക്കണം?


കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍ ഇനി മുതല്‍ മിക്‌സഡ് സ്‌കൂള്‍. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ ഇനി മുതല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും.

ഏറെക്കാലമായുള്ള തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും. കോഴിക്കോടിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള സ്‌കൂളാണ് ഇത്. അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനായി സാമൂതിരി സ്‌കൂളിലെ അധ്യാപകനായ ഗണപത് റാവു രാജി വച്ച് 1886 ല്‍ തന്റെ വീട്ടുമുറ്റത്ത് തുടങ്ങിയ പള്ളിക്കൂടമാണ് ഇത്.

എന്നാല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവേശനം. 1996 ല്‍ ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗമാണ് ഗണപത് സ്‌കൂളിനെ മിക്‌സഡ് സ്‌കൂളായി ഉയര്‍ത്തണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വച്ചത്. പലകാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയായിരുന്നു.

പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആവേശകരമായി പുരോഗമിക്കുകയാണെന്നാണ് പ്രധാനാധ്യാപകന്‍ കെ.സഞ്ജീവന്‍ പറയുന്നത്. മിക്‌സഡ് സ്‌കൂളായി ഗണപത് സ്‌കൂളിനെ ഉയര്‍ത്തിയതിന്റെ സന്തോഷം ആഘോഷിക്കാന്‍ തന്നെയാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. നമ്മുടെ കുട്ടികള്‍ വേര്‍തിരിവില്ലാതെ പഠിക്കട്ടെയെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്.

പ്രമുഖരായ നിരവധി വ്യക്തികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ സ്‌കൂളാണ് ഇത്. ആദ്യ പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണ മേനോന്‍, എസ്.കെ.പൊറ്റക്കാട്, ഹാസ്യ സാഹിത്യകാരന്‍ സഞ്ജയന്‍, മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ക്കുടി നഹ, വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മര്‍കോയ, മുന്‍ എം.എല്‍.എമാരായ പി.എം.അബൂബക്കര്‍, എന്‍.പി.മൊയ്തീന്‍, സിനിമാ നടന്‍ കെ.പി.ഉമ്മര്‍, തിരക്കഥാകൃത്ത് ടി.ദാമോദരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

കൊയിലാണ്ടിയുടെ കാത്തിരിപ്പ് എന്ന് സഫലമാകും?

ഗവ. ഗണപത് ബോയ്‌സ് ഹൈ സ്‌കൂളിനെ പോലെ ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ കുട്ടികള്‍ പഠിക്കാനെത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാലയം കൊയിലാണ്ടിയിലുമുണ്ട്. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ മിക്‌സഡ് സ്‌കൂളായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചിലരുടെ മാത്രം താല്‍പ്പര്യമാണ് ഗേള്‍സ് സ്‌കൂളിനെ മിക്‌സഡ് സ്‌കൂളായി ഉയര്‍ത്തുന്നതിന് തടസമെന്നാണ് ഉയര്‍ന്ന് കേള്‍ക്കുന്ന ആരോപണം.

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് മാറി റെയില്‍പാതയുടെ കിഴക്കുഭാഗത്താണ് ഗേള്‍സ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്‌കൂള്‍ മിക്‌സഡാക്കിയാല്‍ റെയിലിന് കിഴക്ക് ഭാഗത്തുള്ള ആണ്‍കുട്ടികള്‍ക്ക് റെയില്‍പാത മുറിച്ച് കടക്കാതെ വീടിന് സമീപം തന്നെയുള്ള സ്‌കൂളില്‍ പഠിക്കാന്‍ കഴിയും. അതിലുപരി ക്ലാസ് മുറികളില്‍ തന്നെയുള്ള ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ കുട്ടികള്‍ക്കിടയില്‍ ഇല്ലാതാക്കാനും കഴിയും.

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ

നേരത്തേ ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെ മിക്‌സഡ് സ്‌കൂളാക്കി ഉയര്‍ത്തിയിരുന്നു. ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരുന്നു. പിന്നീട് ഹൈസ്‌കൂള്‍ വിഭാഗത്തിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് സമാനമായി ഗേള്‍സ് സ്‌കൂളിലും ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കാനെത്തുന്ന നാളിനായി കാത്തിരിക്കുകയാണ് നാട്.