കൊല്ലം ചിറയ്ക്ക് സമീപം മാല മോഷ്ടിച്ച സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു


കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കുറ്റിപൊരിച്ചവയല്‍ റീനയുടെ നാല് പവനോളം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കൊണ്ടുപോയത്.

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോര്‍ ഒ ക്ലോക്ക് ഹോട്ടലിനടുത്ത് നിന്ന് റെയില്‍പാതയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് സംഭവം. ഉത്സവം നടക്കുന്ന പിഷാരികാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ പതിനേഴാം മൈലിലെ വീട്ടിലേക്ക് വരികയായിരുന്നു റീന.

ചുവന്ന പള്‍സര്‍ ബൈക്കിലെത്തിയാണ് മോഷ്ടാവ് മാല പൊട്ടിച്ചത്. ഒരാള്‍ മാത്രമാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഹെല്‍മെറ്റ് ധരിക്കാതെ എത്തിയതിനാല്‍ സ്ഥിരം മോഷ്ടാവല്ല കൃത്യം ചെയ്തതെന്ന് സംശയിക്കുന്നതെന്ന് റീനയുടെ മകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബൈക്കിന്റെ ഹാന്റിലില്‍ ഒരു സഞ്ചി തൂക്കിയിരുന്നു. സമീപത്തെ സി.സി.ടി.വി ക്യാമറകളില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടിുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഡൗണ്‍ടൗണ്‍ റസ്റ്ററന്റിന് സമീപവും പിന്നീട് ഫോര്‍ ഒ ക്ലോക്ക് ഹോട്ടലിന് സമീപവും കാത്തുനിന്ന ശേഷമാണ് പ്രതി മോഷണം നടത്തിയത്. രണ്ട് സ്ഥാപനങ്ങളിലെയും സി.സി.ടി.വി ക്യാമറയില്‍ ഇയാള്‍ കാത്തു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തുടര്‍ന്ന് റീന ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തിയപ്പോള്‍ ഇയാള്‍ റെയില്‍പാതയ്ക്കരികിലേക്ക് ബൈക്കുമായി പോയി തിരിച്ച് വന്നാണ് മാല പൊട്ടിച്ചത്. റീനയ്ക്ക് നേരിയ പരിക്കേറ്റിട്ടുണ്ടെന്നും മകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.