ശരിയാക്കി മണിക്കൂറിനുള്ളില്‍ വീണ്ടും ലോക്കായി; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറില്‍


ഇരിങ്ങല്‍: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കേടുപാട് പരിഹരിച്ച് ഗേറ്റ് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇരിങ്ങല്‍ ഗേറ്റ് ലോക്കായി. തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഗേറ്റ് ലോക്കായ നിലയിലാണ്. ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് സെറ്റാകാതെ ഗേറ്റ് തുറന്നുകൊടുത്തതാകാം ലോക്കാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഫെബ്രുവരി ഒമ്പതിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറിലായത്. രണ്ടുദിവസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ഇന്നലെ രാവിലെയാണ് ഗേറ്റ് തുറന്നുകൊടുത്തത്. രാത്രിയോടെ വീണ്ടും തകരാറിലാവുകയായിരുന്നു.

ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കൊളാവിപ്പാലം ബീച്ച്, അറബിക് കോളേജ്, കോട്ടക്കല്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാനവഴിയാണിത്. കോട്ടക്കല്‍ സ്‌കൂളിലേക്ക് അടക്കം പോകുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടാകുന്നത്. രാവിലെ മുതല്‍ താല്‍ക്കാലികമായി ഗേറ്റ് നീക്കി യാത്രക്കാര്‍ക്ക് പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത് ആശ്വാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്കയുമുണ്ട്.