പ്ലസ്ടു യോഗ്യതയുണ്ടോ, ഇന്ത്യൻ കോസ്റ്റ് ഗാർഡില്‍ നിങ്ങള്‍ക്കുമുണ്ട് അവസരം; വിവിധ സോണുകളിലേക്കുള്ള റിക്രൂട്ട്മെൻ്റിലെക്ക് നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം, യോഗ്യതകളും വിശദാംശങ്ങളുമറിയാം


നാല് ഘട്ടങ്ങളായി നടക്കുന്ന കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റിനും ട്രെയിനിങ്ങിനും ശേഷമാണ് നിയമനം നടക്കുക. ഒന്നാം ഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ കംപ്യൂട്ടർ ബേസ്ഡ് എക്സാനിമേഷൻ ആണ് അഭിമുഖീകരിക്കേണ്ടത്. കൂടാതെ, ഡോക്യുമെൻ്റ് വേരിഫിക്കേഷനും ബയോമെട്രിക് റെക്കോഡിങ്ങും ഒന്നാം ഘട്ടത്തിൽ തന്നെ ഉണ്ടാവും. ഒന്നാം ഘട്ടത്തിൽ നടക്കുന്ന കംപ്യൂട്ടർ ബേസ്ഡ് എക്സാനിമേഷനിൽ യോഗ്യത നേടിയവരുടെ ചുരുക്കപ്പട്ടിക അധികം വൈകാതെ തന്നെ പ്രസിദ്ധീകരിക്കും.

അസസ്മെൻ്റ്/അഡാപ്റ്റിബിലിറ്റി ടെസ്റ്റ്, കായികക്ഷമതാ ടെസ്റ്റ്, ഡോക്യുമെൻ്റ് വേരിഫിക്കേഷൻ, റിക്രൂട്ട്മെൻ്റ് മെഡിക്കൽ എക്സാമിനേഷൻ എന്നിവ വരുന്നതാണ് രണ്ടാം ഘട്ടം. രണ്ടു ഘട്ടങ്ങളിലും യോഗ്യത നേടിയവരുടെ ചുരുക്കപ്പട്ടിക പുറത്തിറക്കുകയും തുടര്‍ന്ന് ഐഎൻഎസ് ചിൽക്കയിൽ പരിശീലനം നൽകുകയും ചെയ്യും. നാലാം ഘട്ടത്തിൽ വീണ്ടും ഡോക്യുമെൻ്റ് പരിശോധന നടത്തുമ്പോള്‍ ഡോക്യുമെൻ്റ് ഹാജരാക്കാൻ സാധിക്കാത്തവരെ ടെർമിനേറ്റ് ചെയ്യും.
കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 18-22  വയസ് വരെയാണ് പ്രായപരിധി. അപേക്ഷകര്‍ 01 സെപ്റ്റംബർ 2002നും 31 ഓഗസ്റ്റ് 2006നും ഇടയിൽ ജനിച്ചവരായിരിക്കണം. 21,700 രൂപയാണ് അടിസ്ഥാന ശമ്പളം.

നോർത്ത് (ജമ്മു ആൻ്റ് കശ്മീർ, ഡൽഹി. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്), വെസ്റ്റ് (ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കേരള, മധ്യപ്രദേശ്, കർണാടക, ഗോവ, ദാദർ ആൻ്റ് നാഗർ ഹവേലി, ദാമൻ ആൻ്റ് ദിയു, ലക്ഷദ്വീപ്), നോർത്ത് ഈസ്റ്റ് (ബിഹാർ, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, അസം, ത്രിപുര, മേഘാലയ, മണിപുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറാം, സിക്കിം, ഒഡീഷ), ഈസ്റ്റ് (ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി), നോർത്ത് വെസ്റ്റ് (ഗുജറാത്ത്), ആൻഡമാൻ ആൻ്റ് നിക്കോബാർ (ആൻ്റ് നിക്കോബാർ ദ്വീപുകൾ) എന്നിങ്ങനെ എല്ലാ സോണുകളിലേക്കുമുള്ള റിക്രൂട്ട്മെന്റ് ആണ് നടത്തുന്നത്.

13ന് രാവിലെ 11 മണി മുതൽ അപേക്ഷ സമര്‍പ്പിക്കാം. https://joinindiancoastguard.cdac.in/cgept/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണമില്ലാത്ത ഉദ്യോഗാർഥികളില്‍ നിന്ന് 300 രൂപ ഫീസ് ഈടാക്കും. ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചരവരെ അപേക്ഷ സമർപ്പിക്കാം.