‘ഇടത് മുന്നണിക്കാരല്ലാത്തവര്‍ പോലും ഇത്തവണ വോട്ട് ചെയ്യുമെന്ന് പറയുന്നു’; പ്രചാരണം ശക്തമാക്കി കെ.കെ ശൈലജ ടീച്ചര്‍, വടകര കോടതിയിലും മുക്കാളി സി.എസ്.ഐ കോളേജിലും ഗംഭീര സ്വീകരണം


വടകര: ‘ഇടത് മുന്നണിക്കാരല്ലാത്തവര്‍ പോലും വന്നിട്ട് ഇത്തവണ ടീച്ചര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാകുമെങ്കില്‍ നല്ല ഭൂരിപക്ഷത്തോടെ വടകരയില്‍ ജയിക്കാന്‍ സാധിക്കുമെന്ന്” എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍. വടകര കോടതി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടീച്ചര്‍.

”വളരെ ആവേശകരമായിട്ടുള്ള അനുഭവമാണ് വടകരയുടെ ഭാഗങ്ങളില്‍ നിന്നും ഉണ്ടാവുന്നത്. ഏഴ് അസംബ്ലി മണ്ഡലങ്ങളിലും രണ്ട് റൗണ്ട് ഇലക്ഷന്‍ പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. എല്ലാ പൗരന്മാരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. അത് അസാധ്യമാമണ്. പക്ഷേ മാധ്യമങ്ങള്‍ വഴിയും ഞങ്ങളുടെ പ്രചാരണങ്ങള്‍ വഴിയും ഓരോ സ്ഥലത്തും നടത്തുന്ന മീറ്റിങ്ങുകള്‍ വഴിയും കുറേയെറെപ്പേരെ കാണാന്‍ സാധിക്കുന്നുണ്ട്. അത് എല്ലാവരിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ടീച്ചര്‍ പറഞ്ഞു.

വടകരയിലെ സഹോദരി സഹോദരന്മാര്‍, അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരായാലും ഈ ഒരവസരം എനിക്ക് തന്നാല്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ വടകരയുടെ പ്രതിനിധിയായി പോവാന്‍ അവസരം തന്നാല്‍ അവര്‍ ഉത്തരവാദപ്പെടുത്തിയത് ചെയ്യാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും ടീച്ചര്‍ പറഞ്ഞു.

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേ പോലെ വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ എംപിയായികൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും, ഇടത് മുന്നണിക്കാരല്ലാത്തവര്‍ പോലും വന്നിട്ട് ഇത്തവണ ടീച്ചര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാകുമെങ്കില്‍ നല്ല ഭൂരിപക്ഷത്തോടെ ഇവിടെ ജയിക്കാന്‍ സാധിക്കുമെന്നും അങ്ങനെ ജയിച്ചാല്‍ ഉത്തരവാദിത്വപ്പെട്ട എംപിയായി വടകരയില്‍ പ്രവര്‍ത്തിക്കുമെന്നും
ടീച്ചര്‍ മാധ്യമങ്ങളോ് പറഞ്ഞു.

കോടതിയിലെത്തിയ ടീച്ചര്‍ അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. എല്ലാവരോടും വോട്ടഭ്യര്‍ത്ഥിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് ടീച്ചര്‍ തിരിച്ചുപോയത്.

 

മുക്കാളി സി എസ് ഐ കോളേജിലും ഗംഭീര സ്വീകരണമാണ് ടീച്ചര്‍ക്ക് ലഭിച്ചത്. വിദ്യാര്‍ത്ഥികളോട് വിശേഷങ്ങള്‍ പറഞ്ഞും ഫോട്ടോയെടുത്തും ടീച്ചര്‍ ഏറെ നേരം കോളേജില്‍ ചിലവഴിച്ചു.