ആവേശം വാനോളം! വര്‍ണ വിസ്മയം തീര്‍ക്കുന്ന മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം


വടകര: മാനത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന അറക്കല്‍ പൂരത്തിലെ പ്രധാന പരിപാടിയായ കരിമരുന്ന് പ്രയോഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വടകരയിലെ പ്രസിദ്ധമായ അറക്കല്‍ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ കരിമരുന്ന് പ്രയോഗം കാണാന്‍ വേണ്ടി മാത്രം ആയിരങ്ങളാണ് ദൂരദേശങ്ങളില്‍ നിന്നും എത്തുന്നത്.

ഉച്ചയ്ക്ക് 2മണി മുതല്‍ പ്രാദേശിക അടിയറവുകളുടെ വരവുകള്‍, ഭണ്ഡാരം വരവ്, താലം വരവ്, എഴുന്നള്ളിപ്പ്, പാല് എഴുന്നള്ളിപ്പ്, ഇളനീരാട്ടം, പാലക്കൂല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ നിന്നുള്ള പൂക്കലശം വരവ് എന്നിവയാണ് പ്രധാന ദിവസമായ ഇന്ന് അമ്പലത്തില്‍ നടക്കുക. തുടര്‍ന്ന് ആദ്യത്തെ കരിമരുന്ന് പ്രയോഗം നടക്കും. തുടര്‍ന്ന് പൊടിക്കളത്തിലേക്ക് എഴുന്നള്ളിപ്പും, തര്‍പ്പണവും കഴിഞ്ഞ ശേഷമാണ് രണ്ടാമത്തെ വമ്പിച്ച കരിമരുന്ന് പ്രയോഗം.

ഏകദേശം അഞ്ഞൂറ് വർഷത്തിനടുത്ത് കാലപഴക്കമുള്ള അറക്കൽ ക്ഷേത്രത്തിലെ ഉത്സാവാന്തരീക്ഷം ജാതിമത വേര്‍തിരിവുകളെ വെല്ലുവിളിക്കുന്നതും പരസ്പര സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് അറക്കല്‍ ക്ഷേത്രത്തിന്റെ മൂല സ്ഥാനം. ദേവിമാർ മടപ്പള്ളിയിൽ ഇരുന്നും,നീലേശ്വരത്ത് നടന്നും വാഴുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. മടപ്പള്ളിയിൽ പൂരമായ് ആഘോഷിക്കുന്ന ഉത്സവം നീലേശ്വരത്ത് ഏളത്ത് എന്നപേരിലുള്ള ദേവിമാരുടെ എഴുന്നള്ളിപ്പാണ്.

അമ്മ, മകൾ ഭാവങ്ങളിലുള്ള ദേവീപ്രതിഷ്ഠകളാണ് ഇവിടെ പ്രധാനമെങ്കിലും തളിയിലപ്പൻ, ദൈവത്താർ, പോതി ഭഗവതി, ഗുരു, കുട്ടിച്ചാത്തൻ, ഗുളികൻ, ചിത്രകുടം, വിഷ്ണുമൂർത്തി, ക്ഷേത്രപാലൻ എന്നീ സങ്കല്‍പ്പങ്ങളും ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്.

നാളെ രാവിലെ താലപ്പൊലി, എഴുന്നള്ളിപ്പും ആറാട്ടും കഴിയുന്നതോടെ ഇക്കൊല്ലത്തെ അറക്കല്‍ പൂരത്തിന് കൊടിയിറങ്ങും.