‘100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ 7 എണ്ണം മാത്രം’; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി, രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: ഇത്തവണത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലത്തില്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌ക്കൂളുകള്‍ അധികം ഇല്ലാത്തതിനാല്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ 100 ശതമാനം വിജയം നേടിയത് ഏഴ് സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ മാത്രമാണ്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യസ രീതി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷം നീളുന്ന പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത് ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തവണ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറികളുടെ വിജയ ശതമാനം 78.69 % ആണ്‌. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. 82.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. വി എച്ച് എസ് ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.